ആദ്യമായി ഒരു മലയാളസിനിമ ഡിസ്നി + ഹോട്ട്സ്റ്റാറിൽ, 'കനകം കാമിനി കലഹം' വേൾഡ് പ്രീമിയർ പ്രഖ്യാപനവുമായി നിവിൻ പോളി
പുതിയ ചിത്രം 'കനകം കാമിനി കലഹം' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കും എന്ന പ്രഖ്യാപനവുമായി നിവിൻ പോളി. ഒരു മലയാള സിനിമ ആദ്യമായാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രത്തിന്റെ സംവിധായകൻ. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.
നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ് കകാക എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. "ചങ്കാണിത് പ്രിയേ ചെമ്പരത്തിപ്പൂവല്ല" എന്ന വാക്കുകളോടെയുള്ള നിവിൻ പോളിയുടെ രസകരമായ പുതിയ പോസ്റ്ററും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സുധീഷ്, ജാഫർ ഇടുക്കി, ജോയ് മാത്യു, ശിവദാസൻ കണ്ണൂർ, ഗ്രെയ്സ് ആന്റണി, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രാഹകൻ. മനോജ് കണ്ണോത്ത് എഡിറ്റിങ്ങ് നിർവഹിക്കുന്നു.