ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ഡോക്യുമെൻ്ററി ഫീച്ചറിന് ഓസ്കർ നോമിനേഷൻ; തുള്ളിച്ചാടുന്ന അണിയറ പ്രവർത്തകരുടെ വീഡിയോ വൈറൽ

ഓസ്കർ നോമിനേഷൻ എന്ന അവിശ്വസനീയമായ വാർത്ത കേൾക്കുമ്പോൾ തുള്ളിച്ചാടി ആഹ്ലാദം പ്രകടിപ്പിക്കുന്ന അണിയറ പ്രവർത്തകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഫീച്ചർ ഡോക്യുമെൻ്ററിയാണ് 'റൈറ്റിങ്ങ് വിത്ത് ഫയർ.' അപ്രതീക്ഷിതവും അവിശ്വസനീയവുമായ നേട്ടം കൈവരിച്ചതോടെയാണ് അണിയറ പ്രവർത്തകരുടെ ആഹ്ലാദം അണപൊട്ടി ഒഴുകിയത്. മലയാളിയായ റിൻ്റു തോമസ്, സുഷ്മിത് ഘോഷ് എന്നിവരാണ് ചിത്രത്തിൻ്റെ സംവിധായകർ.

ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കൂട്ടം വനിതാ ദളിത് ജേണലിസ്റ്റുകളെ കുറിച്ചാണ് ഡോക്യുമെൻ്ററി പറയുന്നത്. വ്യവസ്ഥാപിതമായ എല്ലാ പ്രതിബന്ധങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ചാണ് ചീഫ് റിപ്പോർട്ടർ മീരയും സഹപ്രവർത്തകരും സ്മാർട് ഫോൺ ഉപയോഗിച്ച് മാധ്യമ പ്രവർത്തനം നടത്തുന്നത്. ഖബർ ലഹാരിയ എന്ന സ്ത്രീകൾ മാത്രം നടത്തുന്ന ഓൺലൈൻ ന്യൂസ് പോർട്ടലിന് പിറകിലുള്ള അവരുടെ നിരന്തരമായ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം.

വലിയ തോതിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രത്തിന് ഇതിനോടകം ഇരുപത്തെട്ട് അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. സൺ ഡാൻസ് ചലച്ചിത്ര മേളയിൽ ഓഡിയൻസ് അവാർഡും സ്പെഷ്യൽ ജൂറി പുരസ്കാരവും നേടി.

Related Posts