പാല്‍ വണ്ടിയില്‍ വിദേശ മദ്യം; രണ്ട് യുവാക്കള്‍ പിടിയില്‍
തൃശ്ശൂർ: ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 3600 ലിറ്റര്‍ മദ്യമാണ് പിടികൂടിയിരിക്കുന്നത്.
കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. പുലര്‍ച്ചെ ഒരുമണിയോടെ ചേറ്റുവ പാലത്തിന് സമീപത്ത് വച്ചാണ് വിവിധ ബ്രാന്‍റുകളുടെ 3,600 ലിറ്റര്‍ വിദേശ മദ്യം പിടികൂടിയത്. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്‍പിയുടെ സ്പെഷ്യല്‍ സ്ക്വാഡും വാടാനപ്പള്ളി പൊലീസുമാണ് സംയുക്ത പരിശോധന നടത്തിയത്.