കൂട് നിർമ്മാണം നാളെ തുടങ്ങും; അരിക്കൊമ്പനെ തളക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്
ഇടുക്കി: ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടി തളക്കാനുള്ള കൂടിൻ്റെ നിർമ്മാണം നാളെ ആരംഭിക്കും. കൂട് നിർമ്മാണത്തിനായി ദേവികുളത്ത് നിന്ന് മുറിച്ച തടികൾ കോടനാടിലേക്ക് കൊണ്ടുപോയി തുടങ്ങി. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം കഴിഞ്ഞയാഴ്ച മൂന്നാറിലെത്തിയിരുന്നു. കൂട് നിർമ്മിക്കാൻ ആവശ്യമായ തടി അടയാളപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയാണ് ആദ്യ ലോഡ് കോടനാട് എത്തിച്ചത്. ബാക്കിയുള്ളവ ഇന്ന് എത്തിക്കും. കോടനാട് നിലവിലുണ്ടായിരുന്ന കൂടിന് മതിയായ സുരക്ഷയില്ലാത്തതിനാലാണ് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്. പണി പൂർത്തിയായാൽ വയനാട്ടിൽ നിന്നുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് ഇടുക്കിയിലെത്തും. പാലക്കാട് നിന്ന് മൂന്ന് കുങ്കി ആനകളെയും കൊണ്ടുവരും. ആനകൾക്ക് വേണ്ടത്ര വിശ്രമവും പരിശീലനവും നൽകിയ ശേഷമാണ് അരിക്കൊമ്പനെ തളക്കാനുള്ള ദൗത്യം ആരംഭിക്കുക. ഡോ.അരുൺ സക്കറിയ അടക്കമുള്ളവർ 14നു മുമ്പ് എത്തും. 301 ആദിവാസി കോളനിയിലും സിമന്‍റുപാലത്തും എവിടെയെങ്കിലും വച്ച് മരുന്ന് വെടിവയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അരിക്കൊമ്പനെ സൗകര്യപ്രദമായ സ്ഥലത്തേക്ക് എത്തിക്കാനുള്ള നടപടികളും വനംവകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.