അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പ്; ഇന്ന് മൂന്നാറിൽ ഉന്നതതല യോഗം
തൊടുപുഴ: ചിന്നക്കനാൽ, ശാന്തൻപാറ എന്നിവിടങ്ങളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മൂന്നാറിൽ ഉന്നതതല യോഗം ചേരും. വൈകിട്ട് മൂന്നിന് മൂന്നാർ വനംവകുപ്പ് ഓഫീസിലാണ് യോഗം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം. അരിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ച 25ന് നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും. 24ന് മോക്ക് ഡ്രിൽ നടത്തി 25ന് ആനയെ മയക്കുവെടി വെയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ആദ്യ ശ്രമം പരാജയപ്പെട്ടാൽ 26ന് വീണ്ടും ശ്രമിക്കും. വയനാട്ടിൽ നിന്ന് ഒരു കുങ്കി ആന കൂടി നാളെ ഇടുക്കിയിലേക്ക് തിരിക്കും. മറ്റ് രണ്ട് കുങ്കി ആനകളും ദൗത്യസംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളും അടുത്ത ദിവസം ഇടുക്കിയിലെത്തും. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ഡിഎംഒ, വിവിധ വകുപ്പ് മേധാവികൾ, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ടാസ്ക് ഫോഴ്സ് മേധാവി ഡോ. അരുൺ സക്കറിയയും യോഗത്തിൽ പങ്കെടുക്കും. ആനയെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ ജിഎസ്എം കോളർ സ്ഥാപിക്കാനാണ് വനംവകുപ്പിന്‍റെ ആലോചന. നേരത്തെ സിമന്‍റ് പാലത്തിന് സമീപം അരിക്കൊമ്പൻ മൂന്ന് തവണ തകർത്ത വീട്ടിൽ താൽക്കാലിക റേഷൻ കടയ്ക്കൊപ്പം താമസമുള്ള വീടും സ്ഥാപിച്ച് ആനയെ ആകർഷിക്കാനാണ് വനംവകുപ്പ് പദ്ധതിയിടുന്നത്. മയക്കുവെടി ഉപയോഗിച്ച് ആനയെ പിടികൂടി കോടനാട്ടിലെത്തിക്കാനുള്ള എല്ലാ പദ്ധതികളും വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഈ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് വനംവകുപ്പിന് വെല്ലുവിളി ഉയർത്തുന്നത്.