മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. പുലർച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത അറിയിച്ചത്.

സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ എസ് യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രെസിഡന്റായി, തുടർന്ന് എഐസിസി അംഗമായി. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടു കൂടി ബാംഗ്ലൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് ജഗതിയിലുള്ള സ്വവസതിയിലേക്ക് കൊണ്ട് പോകുമെന്ന് വിഡി സതീശൻ അറിയിച്ചു. ആദ്യം ദർബാർ ഹാളിലെ പൊതു ദർശനത്തിനു ശേഷം സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ട് പോകും. ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ പൊതു ദർശനം. രാത്രി ജഗതിയിലെ വസതിയിലേക്ക്. നാളെ രാവിലെ ഏഴു മണിക്ക് വിലാപയാത്രയായി ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ട് പോകും. തിരുനക്കര മൈതാനത്തിലെ പൊതു ദർശനത്തിനു ശേഷം പുതുപ്പള്ളി ഹൗസിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്കാരം നടക്കുമെന്നും വിഡി സതീശൻ അറിയിച്ചു .

Related Posts