സാനിറ്ററി നാപ്കിൻ, മദ്യം, സിഗരറ്റ് പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് മുൻ വിശ്വസുന്ദരി ലാറ ദത്ത

സാനിറ്ററി നാപ്കിൻ, മദ്യം, സിഗരറ്റ് എന്നിവയുടെ പരസ്യങ്ങളിൽ താൻ അഭിനയിക്കില്ലെന്ന് മുൻ മിസ് യൂണിവേഴ്സ് ലാറ ദത്ത. ഉപയോഗിക്കാത്ത ഉത്പന്നങ്ങളെ എൻഡോഴ്സ് ചെയ്യാൻ തനിക്കാവില്ല.

ആൽക്കഹോൾ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കാത്തതിൻ്റെ കാരണം വ്യത്യസ്തമാണെന്ന് താരം വെളിപ്പെടുത്തി. മദ്യം കഴിക്കാത്ത ആളായതുകൊണ്ടല്ല അത്തരം പരസ്യങ്ങൾ ചെയ്യാതിരുന്നത്. മറിച്ച് മോശം കണ്ടൻ്റ് ആയതിനാലാണ്.

സാനിറ്ററി നാപ്കിനുകൾ പ്രകൃതിക്ക് വലിയ ദോഷം വരുത്തിവെയ്ക്കുന്നവയാണ്. നാപ്കിനുകൾക്ക് പകരം മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ച് ശീലിക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടത്. താൻ സിഗരറ്റ് ഉപയോഗിക്കാറില്ല. അതിനാൽ സിഗരറ്റിൻ്റെ പരസ്യങ്ങളിൽ അഭിനയിക്കാറുമില്ല. അടുത്തിടെ സാനിറ്ററി നാപ്കിൻ്റെ പരസ്യത്തിനായി ഒരു പ്രമുഖ കമ്പനി തന്നെ സമീപിച്ചെന്നും താനത് നിരസിച്ചെന്നും താരം കൂട്ടിച്ചേർത്തു.

പാചക എണ്ണ, ടൂത്ത് പേസ്റ്റ്, ബൈക്ക് ഉൾപ്പെടെ നിരവധി ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ ലാറ ദത്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2000-ത്തിൽ മിസ് യൂണിവേഴ്സ് കിരീടം നേടിയശേഷം നിരവധി സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2003-ൽ ആൻഡാസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മസ്തി, നോ എൻട്രി, ഭാഗ് ഭാഗ്, ജൂം ബരാബർ ജൂം, പാർട്ണർ, ഹൗസ്ഫുൾ, ഡോൺ 2 എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അക്ഷയ് കുമാർ, ഹുമ ഖുറൈഷി എന്നിവർക്കൊപ്പമുള്ള ബെൽ ബോട്ടം ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷമാണ് ലാറ അതിൽ ചെയ്തത്.

Related Posts