മുൻ എം എൽ എ പ്രൊഫസർ നബീസാ ഉമ്മാൾ അന്തരിച്ചു

തിരുവനന്തപുരം: മുൻ കഴക്കൂട്ടം എം എൽ എയും കോളജ് അധ്യാപികയുമായിരുന്ന നെടുമങ്ങാട് പത്താംകല്ല് ഷാലിമാർ ബംഗ്ലാവിൽ പ്രഫ. എ നബീസ ഉമ്മാൾ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ വൈകുന്നേരം 5 മണിക്ക് വിളിക്കോട് ജുമാ മസ്ജിദിൽ നടക്കും.

1931-ൽ ആറ്റിങ്ങലിലെ കല്ലൻവിള വീട്ടിൽ തമിഴ്‌നാട് ഭൂതപ്പാണ്ടി സ്വദേശിയായ അസനുമ്മാളുടെയും പൊലീസ് കോൺസ്റ്റബ്ളായിരുന്ന ഖാദർ മൊയ്തീൻെറയും അഞ്ച് മക്കളിൽ ഇളയവളായാണ് നബീസ ഉമ്മാൾ ജനിച്ചത്. ആറ്റിങ്ങൽ സർക്കാർ സ്കൂളിൽ സ്കൂൾ വിദ്യഭ്യാസം. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഇന്റർമീഡിയേറ്റും ബി.എ ഇക്ണോമിക്സും പൊളിറ്റിക്കൽ ആന്റ് ഇന്ത്യൻ ഹിസ്റ്ററിയിൽ ഡിസ്റ്റിംഗ്ഷനും നേടിയിട്ടുണ്ട്. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയായിരുന്നു.

33 വർഷം അധ്യാപന മേഖലയിൽ തുടർന്ന നബീസ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപിക ആയി സേവനം അനുഷ്ഠിച്ചു. 1986ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ആയി സർവിസിൽനിന്നും വിരമിച്ചു. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ. 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1995 ൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായി.

Related Posts