തോഷഖാന കേസ്; മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നാളെ കോടതിയില്‍ ഹാജരാകും

ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ വിറ്റ് പണം സമ്പാദിച്ച കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാളെ കോടതിയിൽ ഹാജരായേക്കും. അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പോലീസ് ഇന്നലെ ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വസതിയിലെത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. പോലീസ് മടങ്ങിയതിന് പിന്നാലെ ഇമ്രാൻ തന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഇസ്ലാമാബാദ് സെഷൻസ് കോടതിയാണ് ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാമെന്ന് ഇമ്രാൻ ഖാൻ ഉറപ്പ് നൽകിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവൻമാരും നയതന്ത്രജ്ഞരും നൽകിയ വിലയേറിയ സമ്മാനങ്ങൾ വിൽക്കുകയും കൃത്യമായ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തെന്നതാണ് തോഷഖാന കേസ്. വിദേശത്ത് നിന്ന് പാകിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പാണ് തോഷഖാന.

Related Posts