ഇന്ത്യയുടെ നിലപാട് പരാജയം ഭയന്ന്; മുൻ പാക് ക്രിക്കറ്റ് താരം ഇമ്രാൻ നാസിർ
ഇസ്‍ലാമബാദ്: ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ നിലപാട് സുരക്ഷാ കാരണങ്ങളാലല്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഇമ്രാൻ നാസിർ. പാകിസ്ഥാന് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും പരാജയം ഭയന്നാണ് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. ഇവിടെ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ല. ഏതൊക്കെ ടീമുകളാണ് പാകിസ്താനിൽ കളിക്കാൻ വരുന്നതെന്ന് നോക്കൂവെന്നും ഇമ്രാൻ പറഞ്ഞു. ഓസ്ട്രേലിയ പോലും പാകിസ്ഥാനിൽ കളിക്കാനെത്തി. പാകിസ്താനിൽ കളിച്ച് തോൽക്കുമോ എന്ന ഭയമാണ് ഇന്ത്യക്കുള്ളത്. അതാണ് അവരുടെ പിൻമാറ്റത്തിന് കാരണം. സുരക്ഷാ പ്രശ്നങ്ങൾ വെറുതെ പറയുന്നതാണ്. ഇവിടെ വന്ന് ക്രിക്കറ്റ് കളിക്കൂ. രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചാൽ പിന്നെ മറ്റൊരു വഴിയുമുണ്ടാകില്ല. ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ ആളുകൾ ആഗ്രഹിക്കുന്നു. ലോകം മുഴുവൻ അതറിയാമെന്നും ഇമ്രാൻ വ്യക്തമാക്കി. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ, ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നാൽ മാത്രമേ ക്രിക്കറ്റ് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയുള്ളൂവെന്ന് കരുതുന്നു. പക്ഷേ, ഇന്ത്യക്ക് പരാജയം അംഗീകരിക്കാനാവില്ല. ഇതൊരു മത്സരമാണ്, ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കുമെന്നും ഇമ്രാൻ വ്യക്തമാക്കി. ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോകേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും വേദികളിൽ നടത്താനും സാധ്യതയുണ്ട്.