സൂരജിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും; 5 ലക്ഷം രൂപ പിഴ അടയ്ക്കണം
കൊല്ലം: മലയാളിയുടെ മന:സാക്ഷിയെ ആഴത്തിൽ മുറിപ്പെടുത്തിയ ഉത്ര വധക്കേസിൽ പ്രതി സൂരജിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ച് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി. 5 ലക്ഷം രൂപ പിഴയും അടയ്ക്കണം. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം ആണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചെങ്കിലും, പ്രതിയുടെ പ്രായവും മുമ്പ് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നുള്ളതും മാനസാന്തരത്തിനുള്ള സാധ്യതയും പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയായിരുന്നു. ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്.
ക്രൂരവും പൈശാചികവും ദാരുണവുമായ കുറ്റകൃത്യമെന്ന് വിലയിരുത്തപ്പെട്ട കേസിൽ കുറ്റമറ്റ അന്വേഷണമാണ് കേരള പൊലീസ് നടത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന പഴുതുകൾ അടച്ച വാദമാണ് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ നടത്തിയത്. തൻ്റെ അഭിഭാഷക ജീവിതത്തിൽ ആദ്യമായാണ് ഇത്ര വാശിയോടെ ഒരു പ്രതിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ പരമാവധി ശ്രമിച്ചിരിക്കുന്നതെന്ന് നേരത്തേ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു.
കൊല്ലം അഞ്ചലിലേത് ഉൾപ്പെടെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് സംഭവങ്ങളാണ് രാജ്യത്ത് ഇതേവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മറ്റു രണ്ടു കേസുകളിലും തെളിവില്ലെന്ന കാരണത്താൽ പ്രതികളെ വെറുതെ വിട്ടിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും മറ്റ് തെളിവുകളും നിരത്തി പ്രതിക്ക് നാല് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ നീതിന്യായ ചരിത്രത്തിൽ ശ്രദ്ധേയമായ വിധത്തിൽ ഇടം പിടിക്കുന്നു എന്ന സവിശേഷത കൂടി കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കുണ്ട്.