തരുണാസ്ഥിയിൽ ഒടിവും വേദനയും; അപകടത്തെക്കുറിച്ച് ബ്ലോഗിൽ പങ്കിട്ട് ബച്ചൻ
പുതിയ ചിത്രമായ പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നടൻ അമിതാഭ് ബച്ചൻ. വാരിയെല്ലിന്‍റെ തരുണാസ്ഥിയിൽ പൊട്ടലും വേദനയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ഏറ്റവും പുതിയ ബ്ലോഗിലാണ് അപകടാനന്തര വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയത്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടേണ്ടതുണ്ടെന്ന് അമിതാഭ് ബച്ചൻ തന്‍റെ ബ്ലോഗിൽ എഴുതി. പ്രൊജക്ട് കെ എന്ന സിനിമയുടെ ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തനിക്ക് പരിക്കേറ്റതായി അദ്ദേഹം എഴുതി. വാരിയെല്ലിന്‍റെ തരുണാസ്ഥിക്കും വലത് വാരിയെല്ലിലെ പേശികൾക്കും പോട്ടലുണ്ട്. ഷൂട്ട് റദ്ദാക്കി. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ചെന്നും സി.ടി സ്കാനിന് ശേഷം വീട്ടിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ വിശ്രമത്തിലാണ്. ശരീരം ചലിപ്പിക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന അനുഭവപ്പെടുന്നുണ്ട്. ആരോഗ്യം സാധാരണ നിലയിലാകാൻ കുറച്ച് ആഴ്ചകൾ എടുക്കും. വേദനയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്. അതിനാൽ, സുഖം പ്രാപിക്കുന്നതുവരെ ചെയ്യേണ്ട എല്ലാ ജോലികളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജൽസയിലെ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. അതിനാൽ, വൈകുന്നേരം ജൽസ ഗേറ്റിൽ വരുന്ന അഭ്യുദയകാംക്ഷികളെ കാണാൻ കഴിയില്ലെന്നും ബച്ചൻ ബ്ലോഗിൽ കൂട്ടിച്ചേർത്തു.