രക്തബന്ധത്തിൽപ്പെട്ടവരുമായുള്ള ലൈംഗികബന്ധം നിരോധിച്ച് ഫ്രാൻസ്; ക്രിമിനല്‍ കുറ്റകൃത്യമാക്കുന്ന പുതിയ നിയമം ഉടൻ

പാരീസ്: രക്തബന്ധത്തിൽപ്പെട്ടവരുമായുള്ള ലൈംഗികബന്ധം നിരോധിക്കാൻ ഫ്രഞ്ച് സർക്കാർ. അഗമ്യഗമനം (ഇൻസെസ്റ്റ്) ക്രിമിനൽ കുറ്റകൃത്യമാക്കുന്ന പുതിയ നിയമം രാജ്യത്ത് ഉടൻതന്നെ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ മിക്ക രാജ്യങ്ങളും രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗികബന്ധം നിരോധിച്ചിട്ടുണ്ട്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ ഫ്രാൻസും ഈ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗികബന്ധത്തിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തുമെന്ന് ഫ്രാൻസിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ചിൽഡ്രൻ അഡ്രിയേൻ ടാക്വെ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

'ഏത് പ്രായക്കാരും ആകട്ടെ, നിങ്ങൾക്ക് അച്ഛനുമായോ മകനുമായോ മകളുമായോ ലൈംഗികബന്ധം പാടില്ല. പ്രായമോ മുതിർന്നവരുടെ സമ്മതമോ ഇതിൽ ഒരു ചോദ്യമല്ല. അഗമ്യഗമനത്തിനെതിരേയാണ് ഞങ്ങൾ പോരാടുന്നത്. സൂചനകൾ കൃത്യമാണ്'- പുതിയ നിയമനിർമാണത്തെക്കുറിച്ച് ഇങ്ങനെയായിരുന്നു അഡ്രിയേൻ ടാക്വെയുടെ പ്രതികരണം.

18 വയസ്സിന് മുകളിലുള്ള കുടുംബാംഗങ്ങളുമായുള്ള ലൈംഗികബന്ധം നിലവിൽ ഫ്രാൻസിൽ കുറ്റകരമല്ല. 1791-ലാണ് അഗമ്യഗമനവും പ്രകൃതിവിരുദ്ധ ഭോഗവും മതനിന്ദയുമെല്ലാം ഫ്രാൻസിൽ കുറ്റകരമല്ലാതാക്കിയത്. ഇതിനുശേഷം ഇതാദ്യമായാണ് അഗമ്യഗമനം കുറ്റകരമാക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.

പ്രായപൂർത്തിയായവരായാലും രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള ലൈംഗികബന്ധം പുതിയ നിയമപ്രകാരം ഫ്രാൻസിൽ ക്രിമിനൽ കുറ്റകൃത്യമാകും. അതേസമയം, രണ്ടാനച്ഛൻ, രണ്ടാനമ്മ, വളർത്തുമക്കൾ തുടങ്ങിയവർ ഇതിലുൾപ്പെടുമോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

നേരത്തെ പ്രമുഖ രാഷ്ട്രീയ നേതാവായ ഒളിവർ ഡുഹാമേൽ വളർത്തുമകനെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണമുയർന്നത് രാജ്യത്ത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് ഈ ആരോപണങ്ങൾ ശരിയാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചെങ്കിലും നിയമനടപടിയുണ്ടായില്ല. യുവാവുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാത്തതിനാലാണ് അദ്ദേഹത്തിനെതിരേ കുറ്റം ചുമത്താതിരുന്നത്.

Related Posts