പെൻഷൻ പ്രായം ഉയർത്താനൊരുങ്ങി ഫ്രാൻസ്; പ്രതിഷേധം ശക്തം

പാരീസ്: പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം. പ്രത്യേക അധികാരം ഉപയോഗിച്ച് നിയമം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. പെൻഷൻ പ്രായം 62ൽ നിന്ന് 64 ആക്കി ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സമൂഹത്തിന്‍റെ എല്ലാ തുറകളിലും പ്രതിഷേധം ഉയരുകയാണ്. 10 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഫ്രാൻസ് സാക്ഷ്യം വഹിക്കുന്നത്. തൊഴിലാളികൾ മാലിന്യം ശേഖരിക്കുന്നത് നിർത്തിയപ്പോൾ നഗരത്തിൽ ദുർഗന്ധം വമിക്കാനും തുടങ്ങി. എന്നാൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഒരു ചുവട് പോലും പിന്നോട്ട് പോയിട്ടില്ല. എന്ത് വിലകൊടുത്തും നയം നടപ്പാക്കാൻ ശ്രമിക്കുകയാണ്. പെൻഷൻ നയത്തിൽ അധോസഭയിൽ നടത്താനിരുന്ന വോട്ടെടുപ്പ് പോലും തടഞ്ഞു. സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ഇതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനും പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്. ആയിരത്തിലധികം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു കാരണവശാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. മാക്രോണിനെതിരെ അവിശ്വാസം കൊണ്ടുവരാൻ  പ്രതിപക്ഷം ശ്രമം തുടങ്ങിക്കഴിഞ്ഞു. ഭരണകക്ഷിയിലെ ചിലർക്കും പുതിയ പെൻഷൻ നയത്തോട് എതിർപ്പുണ്ട്. അവർ ഒപ്പം നിന്നാൽ അവിശ്വാസം വിജയിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 23ന് വൻ പ്രതിഷേധവും ആസൂത്രണം ചെയ്തിട്ടുണ്ട്.

Related Posts