ശശി തരൂരിന് ഫ്രഞ്ച് പരമോന്നത സിവിലിയൻ ബഹുമതി
ന്യൂഡൽഹി: എഴുത്തുകാരനും ഐക്യരാഷ്ട്രസഭ മുൻ അണ്ടർ സെക്രട്ടറി ജനറലും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് ഷെവലിയർ പുരസ്കാരം. ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഷെവലിയർ. തരൂരിൻ്റെ എഴുത്തുകളും പ്രസംഗംങ്ങളും കണക്കിലെടുത്താണ് പുരസ്കാരം. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യാ സന്ദർശന വേളയിൽ പുരസ്കാരം കൈമാറും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇത് സംബന്ധിച്ച് തരൂരിന് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തരൂർ ഫ്രഞ്ച് ഭാഷയിൽ നടത്തിയ പ്രസംഗം എംബസി അധികൃതരെയും മറ്റും അത്ഭുതപ്പെടുത്തിയിരുന്നു. 2010-ൽ സ്പെയിനിൽ വച്ചും സമാനമായ ഒരു പുരസ്കാരത്തിന് അദ്ദേഹം അർഹനായിരുന്നു. ഫ്രാൻസുമായുള്ള ബന്ധത്തെ വിലമതിക്കുന്ന, ആ ഭാഷയെ സ്നേഹിക്കുന്ന, ആ സംസ്കാരത്തെ ബഹുമാനിക്കുന്ന ഒരാളെന്ന നിലയിൽ, ഈ ബഹുമതിയെ ആദരപൂർവം കാണുന്നുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. ഈ പുരസ്കാരത്തിനായി തന്നെ തിരഞ്ഞെടുത്തവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.