കൊല്ലം കോ‍ർപ്പറേഷനിൽ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്

കൊല്ലം: കൊല്ലം കോർപ്പറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്. പണം പിൻവലിക്കാൻ കൈമാറിയ രേഖകളിലെ തിരിമറി ട്രഷറി ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. കോർപ്പറേഷൻ ഭരണസമിതിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അമൃത് പദ്ധതിയിൽ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരൻ സെക്യൂരിറ്റി ഡപ്പോസിറ്റായി കോര്‍പ്പറേഷനിൽ കെട്ടി വച്ച പണം കാലാവധി കഴിയും മുൻപ് ഉദ്യോഗസ്ഥർ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നൽകാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സാധാരണ, കെട്ടിവച്ച പണം കരാർ പ്രകാരം പണി പൂര്‍ത്തിയാക്കി പരിശോധനകൾ നടത്തി നിശ്ചിത സമയത്തിന് ശേഷമാണ് മാറി നൽകാറ്. എന്നാൽ ഈ വ്യവസ്ഥ അട്ടിമറിച്ചാണ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥർ കരാറുകാരനെ വഴിവിട്ട് സഹായിച്ചത്. റിലീസിങ് ഓര്‍ഡർ കണ്ട് സംശയം തോന്നിയ ട്രഷറി ഉദ്യോഗസ്ഥര്‍ സൂപ്രണ്ടിങ് ഓഫീസറെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അഞ്ചു ഫയലുകളിൽ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൃതൃമം നടത്തിയെന്നാണ് കണ്ടെത്തുകയുമായിരുന്നു. സമാന രീതിയിൽ കൂടുതൽ അഴിമതികൾ നടന്നിട്ടുണ്ടെന്നാണ് വിവരം. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും തട്ടിപ്പിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കോർപ്പറേഷൻ ഭരണസമിതിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് ആരോപിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

Related Posts