ഇ-വാഹനങ്ങൾക്ക് സൗജന്യ ചാർജിങ് ഇല്ല; ഇനി യൂണിറ്റിന് 15 രൂപ.

തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങൾക്ക് കെ എസ് ഇ ബിയുടെ ചാർജിങ് സ്റ്റേഷനുകളിൽ സൗജന്യ ചാർജിങ് നിർത്തലാക്കി. തിങ്കളാഴ്ച രാത്രിമുതൽ യൂണിറ്റിന് 15 രൂപ ഈടാക്കിത്തുടങ്ങി. വീടുകളിൽ ചാർജ് ചെയ്താൽ ഗാർഹിക നിരക്കാണ് ബാധകം.

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ ആറു ചാർജിങ് സ്റ്റേഷനുകളാണ് ബോർഡിനുള്ളത്. ഈ സ്റ്റേഷനുകളിൽ നിന്ന് എട്ടുമാസമായി സൗജന്യമായാണ് വൈദ്യുതി നൽകി കൊണ്ടിരുന്നത്. ഇ-വാഹന പ്രോത്സാഹന നയത്തിന്റെ ഭാഗമായാണ് മൂന്നുമാസം സൗജന്യമായി നൽകാൻ തീരുമാനിച്ചതെങ്കിലും കൊവിഡ് പ്രതിസന്ധിയും ചാർജിങ്ങിന് ബുക്ക് ചെയ്യാനുള്ള ആപ്പ് വൈകിയതും കാരണം സൗജന്യം നീണ്ടുപോവുകയായിരുന്നു.

ഇലക്‌ട്രിഫൈ(ElectreeFi) എന്ന ആപ്പിലൂടെ ചാർജിങ് സ്റ്റേഷൻ കണ്ടെത്താനും പണം അടയ്ക്കാനും കഴിയും. വൈദ്യുതിവാഹനങ്ങൾ ചാർജ് ചെയ്യാൻ യൂണിറ്റിന് അഞ്ചുരൂപയാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചത്. സ്റ്റേഷൻ സ്ഥാപിച്ച് നടത്തുന്നതിനുള്ള ചെലവ് എന്ന നിലയിൽ സർവീസ് ചാർജും ഈടാക്കമെന്ന് കേന്ദ്രസർക്കാരിന്റെ വ്യവസ്ഥയുണ്ട്. സർവീസ് ചാർജുകൂടി ചേർത്ത് 13 രൂപയാണ് കെ എസ് ഇ ബി കണക്കാക്കിയത്. 18 ശതമാനം ജി എസ് ടിയും ചേരുമ്പോൾ ഇത് 15.34 രൂപയാവും.

Related Posts