സ്നേഹ വീട്ടിൽ വെളിച്ചമെത്തി; വിദ്യാർത്ഥിനിക്ക് സൗജന്യ വൈദ്യുതി കണക്ഷൻ
വൈപ്പിൻ : പ്രിയപ്പെട്ട ടീച്ചറുടെയും, സുമനസ്സുകളുടെയും കാരുണ്യത്തിൽ ആഗ്രഹ പ്രകാരം കുളിമുറി ലഭിച്ച വിദ്യാർത്ഥിനിയുടെ വീട്ടിൽ ഇനി വൈദ്യുതിയും എത്തും. നീറിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊർജ്ജം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി വയറിംഗ് ജോലി പൂർത്തിയാക്കി സ്വിച്ച് ഓൺ കർമ്മം നടന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കടലാസിൽ എഴുതി ടീച്ചറെ അറിയിച്ച ഏഴാം ക്ലാസ്സുകാരിയുടെ കഥ മാധ്യമ ശ്രദ്ധ നേടിയതോടെ കുട്ടിയുടെ, ആഗ്രഹം സഫലമാകുന്നതിനായ് സഹായഹസ്തങ്ങൾ എത്തിയിരുന്നു. ഊർജ്ജം വെൽഫെയർ സൊസൈറ്റി ചെയർ പേഴ്‌സൺ ജാസ്മിൻ നാസറിന്റെ നേതൃത്വത്തിലാണ് വീട്ടിൽ സൗജന്യ വൈദ്യുതി കണക്ഷൻ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. കോ ഓർഡിനേറ്റർമാരായ ലാൻസൺ ചെമ്മാശ്ശേരി, കെ.ജെ. ആന്റോ, സൂപ്പർവൈസർ ഷഹനാസ്, ജോസഫ് നീറിക്കോട് എന്നിവർ ജോലികൾക്ക് വേണ്ട നേതൃത്വം നൽകി.