സൗജന്യ ഓണക്കിറ്റ്; ലഭിക്കാത്തവര്‍ക്ക് കിറ്റ് വിതരണത്തിന് നടപടികള്‍ തുടങ്ങി
സംസാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവർക്ക് ലഭ്യമാക്കാൻ നടപടി ആരംഭിച്ചു. റേഷൻ കടകളിൽ എത്തിയവർക്ക് കിറ്റ് കൊടുക്കാൻ കഴിയാത്തവർക്ക് ടോക്കൺ നൽകിയിരുന്നു. ഇങ്ങനെ ടോക്കൺ ലഭിച്ചവർക്കാണ് കിറ്റ് എത്തിച്ചു നൽകുക. ഏത് റേഷൻകടകളിൽ നിന്നും കിറ്റ് വാങ്ങാൻ സൗകര്യമുണ്ടായിരുന്നതിനാൽ ചില മേഖലകളിലാണ് ഇത്തരത്തിൽ ക്ഷാമം നേരിട്ടിരുന്നതായാണ് റേഷൻകടക്കാർ പറയുന്നത്. ആഗസ്‌ത് 23 മുതൽ സെപ്‌തംബർ ഏഴുവരെയായിരുന്നു കിറ്റ് വിതരണം.അതേസമയം അർഹതപ്പെട്ടവർക്ക് മുഴുവൻ കിറ്റുകൾ ലഭ്യമാക്കാൻ കഴിഞ്ഞതായാണ് വകുപ്പിന്റെ വിലയിരുത്തൽ. ടോക്കണുകൾ റേഷൻ ഇൻസ്‌പെക്ടർമാർ പരിശോധിച്ചശേഷമാകും ഇനി കിറ്റുകൾ നൽകുക. എത്ര ടോക്കൺ നൽകിയിട്ടുണ്ടെന്ന കണക്ക് ഭക്ഷ്യവകുപ്പ് ശേഖരിച്ചുവരികയാണ്. 87.25 ലക്ഷം കിറ്റുകളാണ് രണ്ടുഘട്ടങ്ങളിലായി സപ്ലൈകോ തയ്യാറാക്കിയത്. 8569583 പേർ കിറ്റ് വാങ്ങി. 9288126 റേഷൻ കാർഡ് ഉടമകളാണ് സംസ്ഥാനത്ത് ഉള്ളത്. കോവിഡ് സാഹചര്യം നിലനിന്ന കഴിഞ്ഞവർഷം 8692064 പേർ ഓണക്കിറ്റ് വാങ്ങിയിരുന്നു. ആ വർഷം 50ദിവസം കിറ്റ് വിതരണമുണ്ടായിരുന്നു. ശരാശരി 87 ലക്ഷംപേർ ഓണക്കിറ്റ് കൈപ്പറ്റാറുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 13 തവണ കിറ്റ് വിതരണം നടന്നപ്പോഴും ഇതായിരുന്നു സ്ഥിതി. പലകാരണങ്ങൾകൊണ്ട് ആറുശതമാനം പേർ വാങ്ങാറില്ല. റേഷൻകടകളിൽ മിച്ചമുള്ള കിറ്റുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി തിരിച്ചെടുക്കും.