ഈദ് അൽ അദ്ഹയ്ക്ക് ദുബായിൽ സൗജന്യ പാർക്കിംഗ്

ദുബായ്: ബലി പെരുന്നാളിനോട് അനുബന്ധിച്ച് ദുബായില്‍ നാല് ദിവസം പണം കൊടുത്തുള്ള പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കും. ജൂലൈ 8 മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് സൗജന്യ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കുകയെന്ന് യുഎഇ റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു. എന്നാല്‍, മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കില്ല. നേരത്തെ, യുഎഇയില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആഘോഷ പരിപാടികളില്‍ മാസ്‌ക് ധരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് അപകടങ്ങള്‍ ഒഴിവാക്കാനായി വേഗ പരിധി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമലംഘനങ്ങള്‍ കണ്ടാല്‍ 901 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബലി പെരുന്നാള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. പെരുന്നാള്‍ നമസ്‌ക്കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നിസ്‌കാര പായ കൊണ്ടുവരണം. ഹസ്തദാനമോ ആലിംഗനമോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

Related Posts