മോഡലിങ്ങ് കാലം മുതലുള്ള സൗഹൃദം; സ്മൃതി ഇറാനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്വേത മേനോൻ
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഭിനേത്രിയും അവതാരകയും മോഡലുമായ ശ്വേത മേനോൻ. മോഡലിങ്ങ് നാളുകൾ മുതലുള്ള സൗഹൃദമാണ് തങ്ങൾ തമ്മിലുള്ളതെന്നും ഇപ്പോഴും അത് തുടരുന്നതായും ശ്വേത പറഞ്ഞു.
ഇൻസ്റ്റഗ്രാമിലാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം നടി പങ്കുവെച്ചത്. കണ്ടുമുട്ടിയിട്ട് കാലങ്ങളായി. പക്ഷേ, പഴയ സ്നേഹവും സൗഹൃദവും അതേപടി നിലനിൽക്കുന്നു.
20 വർഷത്തിനിപ്പുറവും സ്മൃതിക്ക് മാറ്റമൊന്നുമില്ലെന്ന് ശ്വേത പറഞ്ഞു. അവർ ഇപ്പോഴും അതേപടിയുണ്ട്. അതേ സൗന്ദര്യത്തോടെ. അതേ വ്യക്തിത്വത്തോടെ. തികച്ചും സാധാരണക്കാരിയെപ്പോലെയാണ് അന്നും ഇന്നും സ്മൃതി പെരുമാറുന്നതെന്ന് കുറിപ്പിൽ പറയുന്നു.
നമ്മുടെ കാലത്തെ ഏറ്റവും പ്രതീക്ഷയുള്ള നേതാക്കളിൽ ഒരാളാണ് സ്മൃതി ഇറാനിയെന്നും കേന്ദ്ര മന്ത്രിയുടെ ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പറഞ്ഞു കൊണ്ടാണ് ശ്വേതയുടെ കുറിപ്പ് അവസാനിക്കുന്നത്.