വണ്ടിയിൽ മിഠായി മുതൽ പുസ്തകങ്ങൾ വരെ; വെറൈറ്റിയായി ഒരു ഓട്ടോ
ബാംഗ്ലൂർ: ബാംഗ്ലൂർ നഗരത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തന്‍റെ യാത്രക്കാരെ സന്തോഷിപ്പിക്കാൻ തന്‍റെ വാഹനത്തിൽ എന്തൊക്കെയാണ് ചെയ്തതെന്ന് കണ്ടാൽ ഞെട്ടിപ്പോകും. ബാക്ടീരിയകളെ അകറ്റാൻ സാനിറ്റൈസർ, ദാഹിച്ചാൽ കുടിക്കാൻ വെള്ളം, വിശക്കുകയാണെങ്കിൽ കഴിക്കാൻ ബിസ്കറ്റ്, ചോക്ലേറ്റോ മിഠായിയോ കഴിക്കാൻ തോന്നിയാൽ അതുമുണ്ട് വണ്ടിയിൽ. യാത്രയ്ക്കിടെ എന്തെങ്കിലും ചെറിയ അസുഖമോ പരിക്കോ ഉണ്ടായാൽ ഉപയോഗിക്കാനുള്ള ഫസ്റ്റ് എയ്ഡ് ബോക്സ്, ബോറടിച്ചാൽ വായിക്കാനുള്ള പുസ്തകങ്ങൾ എന്നിങ്ങനെ ഒരു യാത്രയിൽ യാത്രക്കാരന് ആവശ്യമായതെല്ലാം നൽകിക്കൊണ്ട് ഈ ഡ്രൈവർ തന്‍റെ യാത്രക്കാരെ സന്തുഷ്ടരാക്കുന്നു. രാജേഷ് എന്നയാളാണ് ബാംഗ്ലൂർ നഗരത്തിൽ ഓടുന്ന ഈ ഓട്ടോറിക്ഷയുടെ ഡ്രൈവർ. വളരെ കുറച്ച് ദൂരം മാത്രം സഞ്ചരിക്കുന്ന ഓട്ടോറിക്ഷയിൽ ഇത്രയധികം സൗകര്യങ്ങൾ എന്തിനാണ് ഉള്ളതെന്ന് ചിലപ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. രാജേഷിന് ഒരൊറ്റ ഉത്തരമേയുള്ളൂ, 'യാത്രക്കാരാണ് എനിക്കെല്ലാം'. തന്‍റെ ജീവിതം മുന്നോട്ട് പോകുന്നതിൽ ഓരോ യാത്രക്കാരനും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് രാജേഷ് പറയുന്നു. അതിനാൽ, തന്‍റെ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു കുറവും കൂടാതെ അവരെ കൊണ്ടുപോകേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു. ഉത്തം കശ്യപ് എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ ഓട്ടോറിക്ഷ ഡ്രൈവറെ തന്‍റെ അക്കൗണ്ടിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയത്. "ബാംഗ്ലൂർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന രാജേഷിനെ പരിചയപ്പെടു. തന്റെ യാത്രക്കാർക്ക് ആവശ്യമായതെല്ലാം അദ്ദേഹം ഓട്ടോറിക്ഷയിൽ സൂക്ഷിക്കുന്നു. യാത്രക്കാരാണ് തനിക്ക് എല്ലാം എന്നാണ് ഇദ്ദേഹം പറയുന്നത്. രാജേഷിന് എന്റെ സല്യൂട്ട്. എന്റെ ഈ യാത്രയെ അദ്ദേഹത്തിന്റെ ഈ സ്നേഹം നിറഞ്ഞ പ്രവൃത്തി വേറിട്ടതാക്കി മാറ്റി." രാജേഷിന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ഉത്തം കുറിച്ചു.