ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി
കോട്ടയം : മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് എല്ലാവരെയും പൊലീസ് കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരം പോയതെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. എന്നാലിത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. പൊലീസ് കുട്ടികളിൽ നിന്ന് വിശദമായ മൊഴി എടുക്കുകയാണ്. ബസിലാണ് കുട്ടികൾ കോട്ടയത്ത് നിന്നും എറണാകുളത്തേക്കെത്തിയത്. ഇവരെ തിരികെയെത്തിച്ച് മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ തന്നെ താമസിപ്പിക്കണോ അതോ ഇവിടെ നിന്നും മറ്റേതെങ്കിലും ഷെൽട്ടർ ഹോമിലേക്ക് മാറ്റണോയെന്നതിലടക്കം പിന്നീട് തീരുമാനമെടുക്കും.
പോക്സോ കേസ് ഇരയടക്കം ഒൻപത് കുട്ടികളെയാണ് കോട്ടയത്ത് മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോമിൽ നിന്നും കാണാതായത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെയാണ് കുട്ടികളെ കാണാതായത്. ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഷെൽട്ടർ ഹോമിൽ പാർപ്പിക്കപ്പെട്ടിരുന്നത്.