അഗസ്ത്യർ കൂടത്തിൽ സഞ്ചാരികൾക്ക് ഇന്ന് മുതൽ ട്രക്കിങ്ങിന് അവസരം

തിരുവനന്തപുരം: അഗസ്ത്യർ കൂടത്തേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് ഇന്ന് മുതൽ ട്രക്കിങ്ങിന് അവസരം ഒരുക്കി വനം വകുപ്പ്. ഓൺലൈൻ വഴി ഇൻഷുറൻസ് പരിരക്ഷയുള്ള 75 പേർക്ക് മാത്രമായിരിക്കും പ്രവേശനം. 2019 ലാണ് ഹൈക്കോടതി അഗസ്ത്യർ കൂടത്തേക്ക് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്. കൊവിഡ് സാഹചര്യം പരിഗണിച്ച് ഒരു ദിവസം ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 75 പേര്‍ക്കുമാത്രമാകും അനുമതി നല്‍കുക. ഒരാള്‍ക്ക് 1580 രുപയാണ്. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിന് മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും താമസസ്ഥലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്നും വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

കേരളത്തെ ഒരു കോട്ടപോലെ സംരക്ഷിക്കുന്ന പശ്ചിമഘട്ടമലനിരകളില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതത്തിലെ ഒരു പര്‍വ്വത മേഖലയായ അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ് അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1860-ലേറെ മീറ്റര്‍ ഉയരം അഗസ്ത്യാര്‍കൂടത്തിനുണ്ട്. പ്രകൃതി രമണീയമായ ഈ പര്‍വ്വതനിരയില്‍ അഗസ്ത്യമുനി തപസ്സു ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു.

നെയ്യാര്‍ , പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ അഗസ്ത്യമല റിസര്‍വിന്റെ ഭാഗമാണ്. നെയ്യാറില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരത്തിലും, തിരുവനന്തപുരത്തുനിന്നും ഏകദേശം 62 കിലോമീറ്റര്‍ ദൂരത്തിലുമാണ് അഗസ്ത്യാര്‍കൂടം സ്ഥിതി ചെയ്യുന്നത്.

Related Posts