ജി എസ് ടിയിൽ ഇന്ധനവില ഉൾപ്പെടുത്താൻ അനുവദിക്കില്ല; കെ എൻ ബാലഗോപാൽ
പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് ടി യിൽ ഉൾപ്പെടുത്തുന്ന കാര്യം നാളെ ചേരുന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം എതിർക്കുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ.
പെട്രോൾ,ഡീസൽ വില വർദ്ധന നിയന്ത്രിക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിൻ്റെ നിലപാട്.
പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഈടാക്കുന്ന അധിക നികുതി സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കപ്പെടുന്നില്ല. ജി എസ് ടി വന്നതിന് ശേഷം സംസ്ഥാനത്തിൻ്റെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിൻ്റെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ മാർഗ്ഗങ്ങൾ അടഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല.
ജി എസ് ടിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോൾ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധന വില കുറയൂ. സെസ് നിർത്താതെ ഇന്ധനവില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്ന് ധനമന്ധ്രി കെ എൻ ബാലഗോപാൽ പറഞ്ഞു
ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെട്ടാൽ പെട്രോളിയത്തിൻ്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോൾ 10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്.
കേന്ദ്രം ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുന്നതോടെ കേരളത്തിൻ്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരും.
ജി എസ് ടി നടപ്പാക്കുന്നത് മൂലം സംസ്ഥാനങ്ങക്കുണ്ടായ വരുമാനക്കുറവ് പരിഹരിക്കാൻ കേന്ദ്രം വ്യവസ്ഥ ചെയ്ത നഷ്ടപരിഹാര പാക്കേജ് അടുത്തവർഷം ജൂണിൽ അവസാനിക്കുകയാണ്. അത് അഞ്ചു വർഷം കൂടി തുടരണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്.