ശരീരമാസകലം ടാറ്റൂ; ലോക റെക്കോർഡ് സ്വന്തമാക്കി വൃദ്ധ ദമ്പതികൾ
ഫ്ലോറിഡ: ശരീരഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, ഇതാദ്യമായിരിക്കും ശരീരം മുഴുവൻ ടാറ്റൂ ചെയ്യാൻ ഒരു ദമ്പതികൾ ഇത്രയധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. 2000 മണിക്കൂർ ഒറ്റയിരുപ്പിൽ ഇരുന്ന് ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണിവർ. ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ദമ്പതികളുടെ ലോക റെക്കോർഡാണിവർ സ്വന്തമാക്കിയത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള ചക്ക് ഹെൽംകെയും ഭാര്യ ഷാർലറ്റ് ഗുട്ടൻബെർഗുമാണ് ശരീരത്തിന്‍റെ 90 ശതമാനത്തിലധികം ടാറ്റൂ ചെയ്തിരിക്കുന്നത്. ചക്ക് ഹെൽംകെയ്ക്ക് 81 വയസും ഷാർലറ്റ് ഗുട്ടൻബർഗിനു 74 വയസുമാണ് പ്രായം. ചലിക്കുന്ന ഒരു ആർട്ട് ഗാലറി എന്നാണ് അവർ തങ്ങളുടെ ശരീരത്തെ പരസ്പരം വിശേഷിപ്പിക്കുന്നത്. ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂകളുള്ള പ്രായമായ ദമ്പതികളുടെ വിഭാഗത്തിലാണ് അവരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.