ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക്

ഏകാന്തതയുടെ നൂറ് വർഷങ്ങളിലൂടെ ലോകസാഹിത്യത്തിന്റെ നെറുകയിൽ കയറിയ കൊളമ്പിയൻ ഇതിഹാസ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വെയ്ക്കുന്നു. 'ദി വാർഡ്റോബ് ഓഫ് ഗാർസ്യ മാർക്കേസ് ' എന്നുപേരിട്ട പ്രദർശനം മെക്സിക്കോയിലാണ് നടക്കുന്നത്. മാർക്കേസ് ധരിച്ച വസ്ത്രങ്ങളും ആക്സസറീസും ഉൾപ്പെടെ നാനൂറോളം വസ്തുക്കളാണ് വിൽപ്പനയ്ക്കുള്ളത്.

മാർക്കേസിന്റെ പേരക്കുട്ടിയും അദ്ദേഹത്തിന്റെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ മേധാവിയുമായ എമിലിയ ഗാർസ്യ എലിസോണ്ടോയാണ് വിൽപ്പനയ്ക്കുള്ള വസ്തുക്കൾ തിരഞ്ഞെടുത്തത്. ഗാബോക്ക് പ്രിയങ്കരരായ തയ്യൽക്കാരും ഡിസൈനർമാരും ഉണ്ടായിരുന്നതായി എമിലിയ പറഞ്ഞു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ചില അടയാളങ്ങൾ മാർക്കേസ് തന്റെ വസ്ത്രങ്ങളിൽ അവശേഷിപ്പിച്ചിട്ടുണ്ട്. പുസ്തകങ്ങളിൽ ഒപ്പിടാൻ പോക്കറ്റിൽ കരുതിയിരുന്ന മാർക്കർ, മഷിവീണ ഉടുപ്പുകൾ എന്നിവ ഇതിന്റെ ഭാഗമാണ്.

മാർക്കേസിന്റെ ജീവിതപങ്കാളി ആയിരുന്ന മേഴ്സിഡസ് ബാർകയുടെ തുണിത്തരങ്ങൾ കൂടി പ്രദർശനത്തിന്റെ ഭാഗമാകും. 1982-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഏറ്റുവാങ്ങുന്ന വേളയിൽ മാർക്കേസിനൊപ്പം പോയ മേഴ്സിഡസ് ധരിച്ച ഉടുപ്പ് പ്രദർശനത്തിന് വെയ്ക്കുമെങ്കിലും അത് വിൽപ്പനയ്ക്കില്ലെന്ന് എമിലിയ വ്യക്തമാക്കി. വിൽപ്പനയിലൂടെ ശേഖരിക്കുന്ന പണം തെക്കൻ മെക്സിക്കോയിലെ തദ്ദേശീയരായ കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിക്കും.

മാജിക്കൽ റിയലിസത്തിലൂടെ ലോകമെങ്ങുമുള്ള സാഹിത്യപ്രേമികളുടെ മനംകവർന്ന മഹാനായ എഴുത്തുകാരൻ 2014 ഏപ്രിൽ 17-നാണ് ലോകത്തോട് വിടപറയുന്നത്. മരിക്കുമ്പോൾ 87 വയസ്സായിരുന്നു. 2020 ആഗസ്റ്റ് 15-ന് അതേ വയസ്സിലാണ് മേഴ്സിഡസ് ബാർക അന്തരിച്ചതും.

Related Posts