കൊവിഡ് കാലത്ത് രണ്ട് കാര്യങ്ങൾ ചെയ്തു; മാസം നാല് ലക്ഷം രൂപ യൂ ട്യൂബ് വരുമാനം ലഭിക്കുന്നുണ്ടെന്ന് നിതിന്‍ ഗഡ്കരി

ബറൂച്ച്: യൂട്യൂബിൽ നിന്ന് തനിക്ക് പ്രതിമാസം നാല് ലക്ഷം രൂപ വരുമാനമായി ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൊവിഡ് കാലത്ത് ഔദ്യോഗിക കാര്യങ്ങൾക്ക് പുറമേ താൻ രണ്ട് കാര്യങ്ങൾ ചെയ്തിരുന്നു. ഒന്ന് പാചകക്കാരനായി. രണ്ടാമത്തേത് വീഡിയോ കോൺഫറൻസിലൂടെ വിദേശ സർവകലാശാലകളിലെ കുട്ടികൾക്ക് ഉൾപ്പെടെ ക്ലാസ്സുകൾ എടുക്കുകയും അത് യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ കാഴ്ചക്കാരുടെ എണ്ണം ഉയരുകയും മാസത്തിൽ നാല് ലക്ഷം രൂപ വരെ തനിക്ക് ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
ബറൂച്ചിലെ ഡൽഹി-മുംബൈ എക്സ്പ്രസ് വേ നിർമാണം സന്ദർശിച്ച് വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തോളം ലക്ചർ വീഡിയോകളാണ് തന്റെ അക്കൗണ്ടിൽ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് ഒരിക്കലും മതിയായ അഭിനന്ദനം ലഭിക്കാറില്ലെന്നും അദ്ദേഹം പരിപാടിക്കിടെ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് മികച്ച ഗതാഗത സംവിധാനങ്ങളും തൊഴിലവസരങ്ങളും ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തെ റോഡ് നിർമാണങ്ങളും ചുമതലയുള്ള കൺസൾട്ടൻസികളേയും കോൺട്രാക്ടർമാരേയും കേന്ദ്രഗതാഗത വകുപ്പ് നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു