ഗജരത്‌നം പത്മനാഭന്റെ ജീവിത കഥ ; ചുമർചിത്രത്തിലൂടെ

ഗുരുവായൂർ: ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചുമർചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു. ഗജരത്‌നം പത്മനാഭന്റെ പൂർണ്ണകായ പ്രതിമയ്ക്ക് മുന്നിലെ മതിലിൽ 60 അടി നീളവും അഞ്ചടി ഉയരവുമുള്ള ക്യാൻവാസിലാണ് പത്മനാഭന്റെ ജീവിത കഥ ആസ്പദമാക്കിയുള്ള ചുമർചിത്രം ഒരുങ്ങുന്നത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് രചനാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുട്ടിയാനയായ പത്മനാഭന്റെ രൂപം വരച്ചായിരുന്നു നടത്തിയത്.

പത്മനാഭന്റെ ബാല്യം മുതലുള്ള ജീവിതത്തിലെ രംഗങ്ങൾ ചുമർചിത്രങ്ങളാകും. കാട്ടിൽ ആനക്കൂട്ടത്തിനൊപ്പം കളിച്ചുല്ലസിക്കുന്ന പത്മനാഭൻ, ഗുരുവായൂരപ്പന്റെ കോലം എഴുന്നള്ളിപ്പ്, മദപ്പാടിലുള്ള പത്മനാഭൻ , ഗജരാജൻ കേശവന്റെ അനുസ്മരണത്തിന് കേശവന്റെ പ്രതിമയിൽ പുഷ്പാർച്ചന, പടിഞ്ഞാറെ ഗോപുരം പത്മനാഭൻ തള്ളി തുറക്കുന്നത്, നെൻമാറ വേലക്ക് കോലമേന്തി നിൽക്കുന്ന പത്മനാഭൻ, പത്മനാഭൻ ഇടയുന്നത് തുടങ്ങിയ വിഷയങ്ങളാണ് ചിത്രങ്ങളായി വരയ്ക്കുന്നത്.

ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ 5 വർഷ കോഴ്സ് പൂർത്തിയാക്കിയ മോനിഷ് ടി എം, ശ്രീജിത്ത്, അക്ഷയ്കുമാർ, അനന്തകൃഷ്ണൻ, അപർണ, ആതിര കെ ബി എന്നിവരും സീനിയർ വിദ്യാർത്ഥികളായ ശരത്ത്, വിവേക്, രോഹൻ, ഗോവിന്ദദാസ്, കാർത്തിക്, ആരോമൽ, അശ്വതി, അമൃത, ശ്രീജ എന്നീ വിദ്യാർത്ഥികളും രചനയിൽ പങ്കാളികളാണ്.

ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ കെ യു കൃഷ്ണകുമാറിന്റെയും സീനിയർ അധ്യാപകൻ എം നളിൽ ബാബു വിന്റെയും നേതൃത്വത്തിലാണ് ചിത്രരചന നടക്കുന്നത്. ഈ മാസം 18 ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പ്രതിമ ഉദ്ഘാടനം ചെയ്യും.

Related Posts