ഗാന്ധിജിയെ പിന്തുടരുന്നതിലൂടെ നല്ല മനുഷ്യരാവുക: ജില്ലാ കലക്ടര്‍
ഗാന്ധി ജയന്തി വാരാഘോഷം; ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി
തൃശൂർ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ക്ക് തൃശ്ശൂര്‍ വിവേകോദയം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു.
മികച്ച ജോലികള്‍ നേടി ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കുന്നതിനേക്കാള്‍ പ്രധാനം നല്ല മനുഷ്യനാവുക എന്നതാണെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. അതിന് ഏറ്റവും മികച്ച വഴി ഗാന്ധിജിയുടെ പാത പിന്തുടരുകയെന്നതാണ്. ഗാന്ധിജിയുടെ അധ്യാപനങ്ങള്‍ അനുസ്മരിക്കാതെ ജീവിതത്തില്‍ ഒരു ദിവസം പോലും കടന്നുപോവരുതെന്നും ജില്ലാ കലക്ടര്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സ്‌കൂള്‍ മാനേജറും മുന്‍ നിയമസഭാ സ്പീക്കറുമായ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥലകാല ദേശങ്ങള്‍ക്ക് അതീതമായ മാര്‍ഗദര്‍ശനമാണ് മഹാത്മാഗാന്ധിയുടേതെന്നും സ്‌നേഹവും കാരുണ്യവും മാനുഷിക ബോധവുമുള്ള ഒരു തലമുറയെയാണ് നാടിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ വാക്കുകള്‍ ഇന്നത്തെ തലമുറയ്ക്ക് ഊര്‍ജവും വഴിക്കാട്ടിയുമാണ്. കാലുഷ്യം നിറഞ്ഞ വര്‍ത്തമാന കാലത്ത് അദ്ദേഹത്തിന്റെ അഹിംസാ ദര്‍ശനത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധിജി സന്ദര്‍ശിച്ചതിന്റെ സ്മരണയ്ക്കായി സ്‌കൂളില്‍ സ്ഥാപിച്ച ഗാന്ധി സ്മൃതി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് ജില്ലാതല വാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ഉദ്ഘാടനച്ചടങ്ങനോട് അനുബന്ധിച്ച് ഗാന്ധി സന്ദേശങ്ങള്‍ പങ്കുവെക്കുന്ന ഭക്തിഗാനം, പ്രസംഗം, കവിതാ പാരായണം തുടങ്ങിയ പരിപാടികള്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. ഹൈസ്‌കൂള്‍ അധ്യാപകരുടെ ദേശഭക്തി ഗാനാലാപനവും പരിപാടിയുടെ ഭാഗമായി നടന്നു. ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, വിവേകോദയം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി എസ് പത്മജ, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം ജി സജീവ്, പി ടി എ പ്രസിഡന്റ് സുനില്‍ കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.