കോട്ടയം സ്വദേശി കണ്ടെത്തിയ ഗംഗോത്രി വേവ് ശാസ്ത്രലോകത്ത് ചര്‍ച്ചയായി

കോട്ടയം: ക്ഷീരപഥത്തില്‍ ഗംഗോത്രി വേവ് എന്ന മേഘപടലം കണ്ടെത്തി ജര്‍മനിയിലെ കൊളോണ്‍ സര്‍വകലാശാലയില്‍ ഹുംബോള്‍ട്ട് പോസ്റ്റ് ഡോക്ടറല്‍ ഫെലോയായി ഗവേഷണം ചെയ്യുന്ന കോട്ടയം വടവാതൂര്‍ സ്വദേശി യുവശാസ്ത്രജ്ഞ ഡോ വി എസ് വീണ.

വീണ കണ്ടെത്തിയ ഗംഗോത്രി വേവ് ശാസ്ത്രലോകത്ത് ചര്‍ച്ചയായി. ഭൂമി ഉള്‍പ്പെടുന്ന താരാപഥമായ ക്ഷീരപഥത്തിന്റെ മധ്യഭാഗത്തായി നൂലുപോലെ നീണ്ട വാതകമേഘപടലമാണു ഗംഗോത്രി വേവ്. ക്ഷീരപഥത്തിന്റെ രണ്ടു കരങ്ങളെ ഇതു ബന്ധിപ്പിക്കുന്നു. 6000 മുതല്‍ 13,000 വരെ പ്രകാശവര്‍ഷം അകലത്തിലാണ് ഇവയെന്നു വീണ കണ്ടെത്തി. 9 ദശലക്ഷം സൂര്യന്‍മാരുടെ പിണ്ഡമാണ് ഇവിടെ സ്ഥിതി ചെയ്യുന്നതെന്നും ഗവേഷണത്തില്‍ വെളിപ്പെട്ടു. ഫലങ്ങള്‍ ആസ്‌ട്രോഫിസിക്കല്‍ ജേണലായ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ചു. ഈ മേഖലയ്ക്ക് ഇന്ത്യന്‍ പേരു നല്‍കാമെന്ന് സ്ഥാപനത്തിലുള്ള മറ്റു ഗവേഷകര്‍ നിര്‍ദേശിച്ചു. ക്ഷീരപഥം ആകാശഗംഗ എന്ന് അറിയപ്പെടുന്നതിനാല്‍ ഗംഗയുമായി ബന്ധപ്പെട്ട പേര് നല്‍കാമെന്ന് കരുതിയാണു ഗംഗോത്രി വേവ് എന്ന് നിര്‍ദേശിച്ചത്. വീണയുടെ വീട്ടുപേരും ഗംഗോത്രിയെന്നാണ്.

കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജില്‍ നിന്നു ബിഎസ്‌സി ഫിസിക്‌സ് ബിരുദം നേടിയ വീണ മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും, ഐഐഎസ്ടിയില്‍ നിന്നു 2018 ല്‍ പിഎച്ച്ഡിയും നേടി. അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കെ ഡി അഭയങ്കര്‍ പുരസ്‌കാരം വീണയ്ക്ക് ലഭിച്ചിട്ടുണ്ട്. വടവാതൂര്‍ ഗംഗോത്രിയില്‍ വനം വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി എസ് ഷാജിമോന്റെയും കൃഷി വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ കൈരളിയുടെയും മകളാണ് വീണ.

Related Posts