വടക്കാഞ്ചേരിയെ മനോഹരമാക്കാന്‍ ഇനി പൂന്തോട്ടവും

വടക്കാഞ്ചേരിയെ കൂടുതല്‍ മനോഹരമാക്കാന്‍ ഇനി പൂന്തോട്ടവും. സ്വാതന്ത്ര്യത്തിൻ്റെ 75-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ആസാദീ കാ അമൃത് മഹോത്സവ്' പദ്ധതിയുടെ ഭാഗമായാണ് പൂന്തോട്ടം ഒരുക്കിയത്. ആസാദീ കാ അമൃത് എന്ന പേരില്‍ വടക്കാഞ്ചേരി നഗരസഭയുടെ ദേശീയ പാതയോരങ്ങളിലും മാലിന്യം വലിച്ചെറിയാന്‍ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും പൂന്തോട്ടം നിര്‍മിക്കും. പദ്ധതിയുടെ ആദ്യപടിയായി വടക്കാഞ്ചേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിന് മുന്നില്‍ പൂന്തോട്ടം നിര്‍മിച്ചു.

പൂന്തോട്ടത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീലാ മോഹനന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജിജി സാംസണ്‍, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, ഹെല്‍ത്ത് വിഭാഗം ജെ എച്ച് ഐ രാജീവ്, അരുണ്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

പാതയോരങ്ങളിലെ സൗന്ദര്യവല്‍ക്കരണം ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലകളില്‍ നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന നിയമ സേവന അതോറിറ്റി സംഘടിപ്പിക്കുന്ന നിയമ പരിശീലന ക്ലാസുകള്‍ക്ക് വടക്കാഞ്ചേരിയില്‍ തുടക്കമിട്ടിരുന്നു. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായാണ് നിയമബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

Related Posts