അബുദാബിയില്‍ മലയാളികളുടെ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് മരണം, 120ലേറെ പരുക്ക്

അബുദാബി ഖാലിദിയയിലെ മലയാളി റെസ്റ്റോറന്റില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 56 പേരുടെ പരിക്ക് ഗുരുതരമാണ്.
പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35-ഓടെയാണ് സംഭവം. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
സമീപത്തെ കടകള്‍ക്കും ആറു കെട്ടിടങ്ങള്‍ക്കും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ വലിയ ശബ്ദം കേട്ടതായും കനത്ത പുക ഉയര്‍ന്നതായും സമീപവാസികള്‍ പറഞ്ഞു.
