മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഗൗതം അദാനി
സമ്പത്തിൽ അംബാനിയെ മറികടന്ന് അദാനി. ബ്ലൂംബർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 59 കാരനായ ഗൗതം അദാനിയുടെ ആസ്തി 88.5 ബില്യൺ ഡോളറിലെത്തി.
തന്റെ സ്വകാര്യ സമ്പത്തിൽ ഏകദേശം 12 ബില്യൺ ഡോളർ കുതിച്ചുയർന്നതോടെയാണ് അസൂയാവഹമായ ഈ നേട്ടം അദാനി കരസ്ഥമാക്കിയത്. ഈ വർഷം ലോകത്ത് ഏറ്റവുമധികം സമ്പത്ത് നേടിയ വ്യക്തിയാണ് അദാനി. മുകേഷ് അംബാനിയുടെ ആകെ ആസ്തി 87.9 ബില്യൺ ഡോളറാണ്.
ഗ്രെറ്റ തൻബർഗ് ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രവർത്തകരിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയൻ ഖനി പദ്ധതി ഉൾപ്പെടെ സഹസ്ര കോടികളുടെ പ്രോജക്റ്റുകളാണ് അദാനി ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത്. പുനരുപയോഗിക്കാവുന്ന ഊർജം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ, പ്രതിരോധ കരാറുകൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലേക്ക് അദാനി തൻ്റെ ബിസ്നസ് സാമ്രാജ്യം വികസിപ്പിക്കുകയാണ്.