ജീവിതം ആകസ്മികതകൾ നിറഞ്ഞത്, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എത്തിപ്പെട്ട അനുഭവം പങ്കുവെച്ച് ഗായത്രി അരുൺ
ജീവിതം ആകസ്മികതകൾ നിറഞ്ഞതാണെന്നും എന്നാലത് എല്ലാ പരിധിയുംവിട്ട് തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും പ്രശസ്ത സീരിയൽ താരവും അവതാരകയുമായ ഗായത്രി അരുൺ. അച്ഛപ്പം കഥകളുടെ രണ്ടാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടതിൻ്റെ ആഹ്ലാദം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലാണ് ജീവിതത്തിൻ്റെ ആകസ്മികതയെപ്പറ്റി താരം വാചാലയാവുന്നത്. ചലച്ചിത്രതാരം മീരാനന്ദൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ദുബൈയിൽ ഷൂട്ടിങ്ങിന് വരുമ്പോൾ വിദൂര ചിന്തകളിൽ പോലും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഉണ്ടായിരുന്നില്ല. പുസ്തകോത്സവ വാർത്തകൾ കാണുമ്പോൾ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്, ഒരിക്കലെങ്കിലും ആ വിസ്മയം നേരിൽ കാണണമെന്ന്. എന്നാൽ വിസ്മയകരമായ ആകസ്മികത കൊണ്ടാണ് ആ സ്വപ്നം സഫലമായത്.
ഷാർജ പുസ്തകോത്സവവേദിയിൽ വെച്ച് അച്ഛപ്പം കഥകളുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു! ഒന്നാം പതിപ്പിൽ സഹൃദയരായ വായനക്കാർ തന്നിലെ പറക്കമുറ്റാത്ത എഴുത്തുകാരിയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. അച്ഛനോർമകളുടെ മാധുര്യം ഇപ്പോൾ രണ്ടാം പതിപ്പിൽ കടൽ കടന്നിരിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുക്കാൻ ആഗ്രഹിച്ച ഷാർജയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽവെച്ച് പുസ്തകം പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിൽ ഒന്ന് യാഥാർഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഗായത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'പരസ്പരം' എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അഭിനേത്രിയാണ് ഗായത്രി.