'അച്ഛപ്പം കഥകൾ' ആദ്യ കോപ്പി മഞ്ജുവാര്യർക്ക്

പ്രശസ്ത അവതാരകയും സീരിയൽ താരവുമായ ഗായത്രി അരുൺ എഴുതി, ഓൺലൈനിലൂടെ മോഹൻലാൽ പ്രകാശനം ചെയ്ത 'അച്ഛപ്പം കഥകൾ' എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി സമ്മാനിക്കുന്നത് മഞ്ജുവാര്യർക്ക്. നിയതം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഇന്നലെയാണ് മോഹൻലാൽ പ്രകാശനം ചെയ്തത്.

ഗായത്രി അരുൺ തൻ്റെ പിതാവിനെ കുറിച്ച് എഴുതിയ ഓർമക്കുറിപ്പുകളാണ് അച്ഛപ്പം കഥകൾ. അച്ഛനെ കുറിച്ചുള്ള ഓർമകളും അച്ഛനിൽ നിന്ന് ലഭിച്ച സ്നേഹവും കരുതലും തമാശകളും ഒക്കെ ചേർത്ത് പുസ്തകമാക്കുകയായിരുന്നു എന്നാണ് പുസ്തകത്തെപ്പറ്റി ഗായത്രി പറയുന്നത്. പുസ്തകത്തിൻ്റെ ആദ്യത്തെ കോപ്പി മഞ്ജുവാര്യർക്ക് സമ്മാനിക്കുന്ന വിവരം ഗായത്രി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

അച്ഛൻ പകർന്നുതന്ന ചിരി മറ്റുള്ളവരിലേക്കും പകരാനുള്ള ശ്രമമാണ് എഴുത്തിലൂടെ നടത്തിയത്. അച്ഛൻ്റെ തമാശകളും അബദ്ധങ്ങളുമൊക്കെ അച്ഛനെത്തന്നെ വായിച്ചു കേൾപ്പിക്കാനായി എഴുതിയതാണ് അച്ഛപ്പം കഥകൾ. ആദ്യത്തെ കഥ വായിച്ചുകേട്ട അച്ഛൻ പൊട്ടിച്ചിരിച്ചു. ആ ധൈര്യത്തിലാണ് മറ്റു കഥകളും എഴുതിയത്. 10 കഥകളുടെ സമാഹാരമാണ് പുസ്തകം.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'പരസ്പരം' എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഗായത്രി. ദീപ്തി സൂരജ് എന്ന ഐ പി എസ് ഓഫീസറുടെ വേഷം ഗായത്രിക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. 'സർവോപരി പാലാക്കാരൻ', 'ഓർമ', 'തൃശൂർ പൂരം', 'വൺ' എന്നീ സിനിമകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ 'അക്ഷരത്തെറ്റ് ' , സൂര്യ ടി വി യിലെ 'ലോഫിങ്ങ് വില്ല' , ഏഷ്യാനെറ്റിലെ 'പീപ്പിൾസ് ചോയ്സ് ' , കൈരളിയിലെ ' ഗന്ധർവ സംഗീതം' എന്നീ പരിപാടികളുടെ അവതാരകയായും ഗായത്രി തിളങ്ങിയിരുന്നു.

Related Posts