ചാലിശ്ശേരി ജി സി സി ആർട്സ് ആന്റ് സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി.

ചാലിശ്ശേരി:

കൊവിഡ് കാലത്ത് കളിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ പച്ചക്കറി കൃഷിയ്ക്ക് തുടക്കം കുറിക്കുകയാണ് ചാലിശ്ശേരി ജി സി സി ആർട്സ് ആന്റ് സ്പോർട്‌സ് ക്ലബ്ബ്. കായിക പ്രേമികളും, കായിക താരങ്ങളും ചേർന്നാണ് ക്ലബ്ബിന് മുൻവശത്ത് പച്ചക്കറി തോട്ടം ഒരുക്കുന്നത്. എഴുപത്തോളം വലിയ ഗ്രോ ബാഗുകളിലായി തക്കാളി, വെണ്ട, പയർ, മുളക് തുടങ്ങിയ പച്ചക്കറി വിത്തുക്കളാണ് നട്ടത്. തോട്ടത്തിലേക്കുള്ള തൈകൾ സൗജന്യമായി നൽകി കൃഷിഭവൻ എല്ലാ പിൻതുണയും നൽകുന്നുണ്ട്. തോട്ടത്തിൽ നിന്ന് ഓണത്തിന് വിളവെടുപ്പ് നടത്താനാണ് പദ്ധതി. കൂടാതെ പഴയ പഞ്ചായത്താഫീസ് മുതൽ തൃശൂർ ജില്ലാതിർത്തി വരെ റോഡിന് ഇരുവശവും തൊഴിലുറപ്പ് തൊഴിലാളികൾ നട്ടു പിടിപ്പിച്ച ചെടികൾ ഇരുമ്പ് നെറ്റ് കെട്ടി സംരക്ഷിക്കാനും ക്ലബ്ബ് പദ്ധതി ഒരുക്കുന്നുണ്ട്. പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡണ്ട് എ വി സന്ധ്യ, വാർഡ് മെമ്പർ ആനി വിനു എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഷാജഹാൻ നാലകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്ബാൽ എ എം, മസൂദ് ടി എം, നൗഷാദ് എ എം, എ സി ജോൺസൻ, റംഷാദ് കെ എച്ച്, നാസർ പി കെ, തോംസൺ പി സി തുടങ്ങിയവർ പങ്കെടുത്തു.

Related Posts