മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ; 10-ാം തിയതി മുതൽ പുനഃസ്ഥാപിക്കും
കൊച്ചി: കൊവിഡിനെത്തുടർന്ന് ട്രെയിനുകളിൽ നിർത്തലാക്കിയ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതു ഈ മാസം 10-ാം തിയതി മുതൽ റെയിൽവേ നടപ്പാക്കും. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലാണ് റിസർവേഷൻ വേണ്ടാത്ത ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ പുനഃസ്ഥാപിക്കുന്നത്. എറണാകുളം–ബാനസവാടി, കൊച്ചുവേളി–ഹുബ്ബള്ളി എക്സ്പ്രസ്, കന്യാകുമാരി–ബെംഗളൂരു ഐലൻഡ് ട്രെയിനുകളിലാണ് ആദ്യം കോച്ചുകൾ പുനഃസ്ഥാപിക്കുക.
തിരുവനന്തപുരം–ചെന്നൈ വീക്ക്‌ലി, കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി, മംഗളൂരു–തിരുവനന്തപുരം മാവേലി, തിരുവനന്തപുരം–മംഗളൂരു മലബാർ, മധുര–പുനലൂർ എക്സ്പ്രസ്, തിരുനെൽവേലി–പാലക്കാട് പാലരുവി, പുതുച്ചേരി–മംഗളൂരു എക്സ്പ്രസ് ട്രെയിനുകളിൽ മാർച്ച് 16ന് കോച്ചുകൾ പുനഃസ്ഥാപിക്കും. കൊച്ചുവേളി–മൈസൂരു, കണ്ണൂർ–ബെംഗളൂരു, കണ്ണൂർ–യശ്വന്ത്പുര എക്സ്പ്രസ് (മാർച്ച് 20), എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ്, ചെന്നൈ–ആലപ്പി എക്സ്പ്രസ് (ഏപ്രിൽ 1), തിരുവനന്തപുരം–ചെന്നൈ മെയിൽ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ (ഏപ്രിൽ 16), തിരുവനന്തപുരം–സെക്കന്ദരാബാദ് ശബരി(ഏപ്രിൽ 20), തിരുവനന്തപുരം–മധുര അമൃത, ചെന്നൈ–കൊല്ലം അനന്തപുരി, ചെന്നൈ–കൊല്ലം എക്സ്പ്രസ്, ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി (മേയ് 1), തമിഴ്നാട്, തെലങ്കാന, കർണാടക ഒഴിച്ചു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ (ജൂൺ 30) എന്നിങ്ങനെയാണ് ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന തീയതി. നേരത്തേയുണ്ടായിരുന്ന ജനറൽ കോച്ചുകളെല്ലാം റിസർവേഷൻ കമ്പാർട്ടുമെന്റുകളായാണ് ഇപ്പോൾ ഓടുന്നത്.