പ്ലസ്ടു മാർക്ക് വേണ്ട; കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് ഇനി പൊതു പരീക്ഷ
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതു പരീക്ഷ നടത്തും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പൊതുപരീക്ഷ എഴുതാം. 2022- 23 അധ്യയന വർഷം മുതലാണ് പ്രാദേശിക ഭാഷകളിൽ പൊതുപരീക്ഷ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. ഒറ്റത്തവണ രജിസ്ട്രേഷനാണുണ്ടാവുക. ജൂലൈ ആദ്യ വാരമാകും പരീക്ഷ.
ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന പ്രവേശന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലും എഴുതാം. ശശി തരൂർ എംപിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.