ജനറല്‍ ആശുപത്രി വികസനം : ജില്ലാ കലക്ടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
തൃശൂര്‍: തൃശൂര്‍ ജനറല്‍ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ആശുപത്രിയുടെ വികസന മാസ്റ്റര്‍ പ്ലാന്‍, മാസ്റ്റര്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണം ആരംഭിച്ചിട്ടുള്ള വനിതാശിശു ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കലക്ടര്‍ പ്രധാനമായും വിലയിരുത്തിയത്. അടുത്ത ആഴ്ച ആശുപത്രി അധികൃതരുമായി കലക്ടര്‍ വിശദമായ യോഗം ചേരും.
4.3 ഏക്കര്‍ വിസ്തൃതിയിലുള്ള ജനറല്‍ ആശുപത്രിയിലെ പ്രധാന ബ്ലോക്കില്‍ 100 കോടി രൂപയുടെ വികസനമാണ് ഉദ്ദേശിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം. വനിതാ ശിശു ആശുപത്രി പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മിക്കുന്നത്. ഇവിടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഡിഐസി, പാലിയേറ്റീവ് സെന്റര്‍, ആരോഗ്യകേരളം ഓഫീസുകളും ഇതിനടുത്താണ്. ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും കലക്ടര്‍ വിലയിരുത്തി. മാസ്റ്റര്‍ ബ്ലോക്കില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനമുള്‍പ്പെടെയുള്ള സൗകര്യങ്ങളും മെഡിക്കല്‍ ഗ്യാസ് സജ്ജീകരണങ്ങളും തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും കലക്ടര്‍ ചോദിച്ചറിഞ്ഞു.
ആശുപത്രി സൂപണ്ട് ഡോ.ടി ബി ശ്രീദേവി, ഡെപ്യൂട്ടി ഡി എം ഒ ഡോ.അനൂപ്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.പ്രേംകുമാര്‍, ഡി പി എം ഡോ.രാഹുല്‍, ചീഫ് ആര്‍ക്കിടെക്റ്റ് (ഹൈറ്റ്‌സ്) ദില്‍റാണി ഗോപാല്‍, ടെക്‌നിക്കല്‍ മെമ്പര്‍ ശ്രീകണ്ഠന്‍ നായര്‍, ഡോ.രമേഷ്, ഡോ.ടോണി എന്നിവര്‍ കലക്ടറെ അനുഗമിച്ചു.