ആരോഗ്യ പ്രവർത്തകരെ കിട്ടാനില്ല; പരിചരണവും ചികിത്സയും നൽകാൻ റോബോട്ടിനെ പരിശീലിപ്പിച്ച് ജർമ്മനി

ബെർലിൻ: പ്രത്യക്ഷത്തിൽ ഒരു സാധാരണ റോബോട്ടിനോട് സാമ്യമുണ്ടെങ്കിലും 'ഗാർമി' അങ്ങനെയല്ല. വെളുത്ത നിറം, നീലക്കണ്ണുകൾ, കാലുകളിൽ കറങ്ങുന്ന ചക്രങ്ങൾ എന്നിവ ഉണ്ടെങ്കിലും ഹ്യൂമനോയ്ഡ് വിഭാഗത്തിൽപ്പെടുന്ന ഗാർമിക്ക് ഒരു സാധാരണ റോബോട്ടിന് ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും.  പ്രായമായവരെ പരിപാലിക്കുന്നതിനും അവരുടെ ആരോഗ്യം പരിപാലിക്കുന്നതിനും റോബോട്ടിക്സ്, ഐടി, 3 ഡി സാങ്കേതികവിദ്യ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ജെറിയാട്രോണിക്സ് എന്ന പുതിയ മേഖലയുടെ ഉത്പ്പന്നമാണ് ഗാർമി. റിട്ടയേർഡ് ജർമ്മൻ ഡോക്ടർ ഗ്വെന്‍റർ സ്റ്റെൻബാച്ച് ഉൾപ്പെടുന്ന ഒരു വലിയ സംഘമാണ് ഈ ആശയത്തിന് പിന്നിൽ. സ്റ്റെൻബാച്ച് ഗാർമിയെ തന്‍റെ എക്കാലത്തെയും സ്വപ്നമായാണ് പറയുന്നത്. രോഗനിർണയം നടത്താൻ മാത്രമല്ല, അവർക്ക് പരിചരണവും ചികിത്സയും നൽകാനും ഗാർമിയെ പ്രാപ്തനാക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. പ്രായമായവരെ പരിചരിക്കാൻ ജർമ്മനിയിൽ ആരോഗ്യ പ്രവർത്തകർ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം നടപ്പാക്കാൻ രാജ്യം ഒരുങ്ങുന്നത്. മ്യൂണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോബോട്ടിക്സ് ആൻഡ് മെഷീൻ ഇന്‍റലിജൻസ് ആണ് ഈ കണ്ടുപിടുത്തത്തിന് മേൽനോട്ടം വഹിക്കുന്നത്. മെഡിക്കൽ പ്രാക്ടീഷണർമാരുടെ സഹായത്തോടെ ഒരു ഡസനോളം ശാസ്ത്രജ്ഞർ ചേർന്നാണ് ഈ റോബോട്ടിനെ നിർമ്മിച്ചത്.


Related Posts