ഉറക്കമില്ലാത്ത രാത്രികൾക്കായി തയാറായിക്കോളൂ'; പ്രിയങ്കയ്ക്ക് ആശംസകളുമായി അനുഷ്ക ശർമ
നടി പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക്ക് ജൊനാസിനും വാടക ഗർഭധാരണത്തിലൂടെ കുട്ടി പിറന്ന വിവരം അറിഞ്ഞതിനു പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ നടി അനുഷ്ക ശർമയുടെ ആശംസ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഉറക്കമില്ലാത്ത രാത്രികൾക്കായി തയാറാവാനാണ് പ്രിയങ്കയോട് അനുഷ്ക പറയുന്നത്.
“പ്രിയങ്കയ്ക്കും നിക്കിനും അഭിനന്ദനങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കുഞ്ഞിന് ഒരുപാട് സ്‌നേഹം”, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അനുഷ്ക കുറിച്ചു.
കഴിഞ്ഞ ആഴ്ചയാണ് കുഞ്ഞു പിറന്ന വിവരം പ്രിയങ്ക ആരാധകരെ അറിയിച്ചത്. അതിന് പിന്നാലെ വാടക ഗർഭധാരണത്തെക്കുറിച്ച് വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണ് താരം. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്.