കരുത്ത് കാട്ടി ഘാന; ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു
ദോഹ: ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഘാന. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ജയം. മത്സരത്തിൽ 10 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ആദ്യ പകുതിയിൽ ഘാന ലീഡ് നേടിയത്. മത്സരത്തിന്റെ 24–ാം മിനിറ്റിൽ മുഹമ്മദ് സാലിസു, 34–ാം മിനിറ്റിലും 68–ാം മിനിറ്റിലും മുഹമ്മദ് കുഡൂസ് എന്നിവരാണ് ഘാനയ്‌ക്കായി ഗോൾ നേടിയത്. 58–ാം മിനിറ്റിലും 61–ാം മിനിറ്റിലും ചോ ഗെ സോങ്ങ് ആണ് ദക്ഷിണ കൊറിയയ്ക്കായി ഗോൾ നേടിയത്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന കീഴടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനോട് രണ്ടിനെതിരെ മൂന്ന് ഗോള്‍ വഴങ്ങിയാണ് ആഫ്രിക്കന്‍ കരുത്തര്‍ തോല്‍വി സമ്മതിച്ചത്. മറുവശത്ത് യുറഗ്വായ്‌ക്കെതിരെ ഗോള്‍നില സമനില വഴങ്ങിയാണ് ദക്ഷിണകൊറിയന്‍ സംഘം എത്തിയത്.