ഗാന്ധി കുടുംബത്തിൻ്റെ നേതൃത്വത്തിൽ വിശ്വാസം; സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഗുലാം നബി ആസാദ്
ഗാന്ധി കുടുംബത്തിൻ്റെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ജി-23 ഗ്രൂപ്പിൽ അംഗവുമായ ഗുലാം നബി ആസാദ്. ജി-23 നേതാക്കളുടെ യോഗം ഒരു ദിവസം പിന്നിട്ടതിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ദേശീയ തലസ്ഥാനത്തെ അവരുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിമാരുടെ നേതൃത്വത്തിലുള്ള വിശ്വാസം ആവർത്തിച്ച ആസാദ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്തു. താൻ ചില നിർദേശങ്ങൾ നൽകി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് എങ്ങനെ തയ്യാറെടുക്കണം, കോൺഗ്രസ്സിന് എങ്ങനെ ഒറ്റക്കെട്ടായി പോരാടാനാകും എന്നതു സംബന്ധിച്ച നിർദേശങ്ങൾ.
വരുന്ന തിരഞ്ഞെടുപ്പിൽ ദേശീയ പാർടികളെയും പ്രാദേശിക പാർടികളെയും എങ്ങനെ നേരിടും എന്നതു സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷയുമായി ചർച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിനെ എങ്ങനെ ശക്തിപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നുമാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.