ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്
ഡൽഹി: കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിക്കും. പാർട്ടി വിട്ട ശേഷമുള്ള ഗുലാം നബി ആസാദിന്‍റെ ആദ്യ പൊതു റാലിയും ഇന്ന് നടക്കും. ജമ്മുവിലെ സൈനിക് കോളനിയിൽ രാവിലെ 11 മണിക്ക് നടക്കുന്ന റാലിയിൽ 20,000 ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഡൽഹിയിൽ റാലി പ്രഖ്യാപിച്ച അതേ ദിവസമാണ് ഗുലാം നബി ആസാദ് തിരഞ്ഞെടുത്തത്. ജമ്മുവിലെ സൈനിക് കോളനിയിൽ നടക്കുന്ന പൊതുറാലിയിൽ ഗുലാം നബി ആസാദ് തന്‍റെ പുതിയ പാർട്ടിക്ക് തുടക്കം കുറിക്കും. അഞ്ച് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച ആസാദിന് ജമ്മു വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം നൽകുമെന്ന് ആസാദിനൊപ്പം പാർട്ടി വിട്ട മുൻ മന്ത്രി ജി എം സരൂരി പറഞ്ഞു.