പരിസ്ഥിതി ആഘാത പഠനത്തിന് മുൻഗണന കൊടുക്കണം

"സാം പൈനുംമൂട് "

ഇന്ത്യാ ഗവൺമെന്റ് കൊണ്ടുവരുന്ന പുതിയ പരിസ്ഥിതി ആഘാത പoന നിയമം Environment Impact Assessment ( E. I. A 2020 ) നിർദ്ദേശങ്ങൾ സമകാലിക ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പoന വിധേയമാക്കുന്നതിനും പുനപരിശേധിക്കുന്നതിനും മുൻഗണന വേണം. കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളത്തിൽ ഒരു പൊതു ഐക്യം രൂപപ്പെടേണ്ട വിഷയമാണ് പരിസ്ഥിതി സംരക്ഷണം!

2018 , 2019 , 2020 , 2021 എന്നീ നാലു വർഷങ്ങളിലെ ഒന്നിനു പുറകെ മറ്റൊന്നായി കേരളത്തിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ നമ്മുടെ മുന്നിലുള്ള യാഥാർത്ഥ്യങ്ങളാണ്. ഇത് സംവാദാത്മകമാക്കണം. അതിജീവനത്തിന് ഗുണകരവും!

അനുദിനം വികസന പ്രക്രീയകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ്‌ കേരളം. പ്രാദേശിക - ദേശീയ - അന്തർദ്ദേശീയ താൽപര്യങ്ങൾ മത്സരബുദ്ധിയോടെ വികസനങ്ങളിൽ ഭാഗമാകാൻ ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു. അനാസൂത്രീതമായ ഈ വികസനത്തിരക്കിനിടയിൽ കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത് അതിന്റെ സർവ്വ പ്രധാനമായ നൈസർഗ്ഗീക പരിസ്ഥിതി സമ്പത്തും പ്രകൃതി രമണീയതയുമാണ്. മാത്രമൊ, പുത്തുമലയും, കവളപ്പാറയും രാജമലയും ബലി കൊടുത്തത് എത്ര മനഷ്യ ജീവനുകളെയാണ്.

ഇക്കുറി കോട്ടയം കുട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും ഉണ്ടായ ദുരന്തങ്ങളും ദൗർഭാഗ്യകരമായി. തികച്ചും സങ്കടകരമായ കാഴ്ചകൾ. ഈ സമകാലിക ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പ്രതിരോധം സൃഷ്ടിക്കാൻ ഇനിയും വൈകി കൂടാ.

അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന മാലിന്യങ്ങൾ , ചീഞ്ഞു നാറുന്ന അഴുക്കു ചാലുകൾ, പാത വക്കുകളിൽ കുമിഞ്ഞുകൂടുന്ന ചപ്പുചവറുകളിൽ നിന്നും വമിക്കുന്ന ദുർഗന്ധം, പൊതു ഇടങ്ങളിൽ അശ്രദ്ധമായി നിക്ഷേപിക്കുന്ന മാലിന്യങ്ങൾ, മോട്ടോർ വാഹനങ്ങളിൽ നിന്നും വമിക്കുന്ന വിഷപ്പുക .... ഇവയൊക്കെയും കേരളത്തിലെ മിക്ക നഗരങ്ങളിലെയും ശ്വസന വായുവിന്റെ മേന്മ കെടുത്തുന്ന ഘടകങ്ങളാണ്.

ജനങ്ങളുടെ ജീവിതത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മേന്മയുടെ തോത് പാരിസ്ഥിതിക മാനദണ്ഡങ്ങൾ വെച്ചു കൊണ്ട് നമുക്ക് വിലയിരുത്താൻ കഴിയണം.

ചപ്പുചവറുകളുടെ കൂമ്പാരങ്ങളിൽ ചിക്കി ചികയുന്ന നായക്കളും കാക്കകളും എലികളും അവക്കിടയിൽ ജീവിതമാർഗം തേടുന്ന ദരിദ്രരായ മനുഷ്യരും നമ്മുടെ നഗരങ്ങളിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ്.

സംഘർഷഭരിതവും വൃത്തിഹീനവുമായ സാഹചര്യത്തിലാണ് കേരളത്തിലെ നഗരവാസികളുടെ ആവാസ വ്യവസ്ഥ!

നമ്മുടെ ഗ്രാമങ്ങളുടെ വിശുദ്ധി ഇനിയും നഷ്ടപ്പെട്ടിട്ടില്ലായെന്നത് ആശ്വാസകരമാണ്. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ

പൊതുജനങ്ങളുടെ ജാഗ്രതയും അഭിനന്ദനാർഹമാണ്.

Sewage Treatment Plant കളുടെ അഭാവം കേരളത്തിൻ്റെ നഗര - ഗ്രാമാന്തര ജീവിതങ്ങളെ ഏറെ ദുഷ്കരമാക്കുന്നു.

വിസർജ്ജന വസ്തുക്കൾ നഗരത്തിലായാലും ഗ്രാമത്തിലായാലും നിർമ്മലീനീകരിച്ച ശേഷമെ കായലുകളിലും നദികളിലും വിസർജിക്കാവൂ എന്ന ബോധ്യം നമുക്കുണ്ടാകണം.

Sewage Treatment Plant കളുടെ നിർമ്മാണവും തുടർ പ്രവർത്തനങ്ങളും Govt - Private Sector കളിൽ ആരംഭിക്കാൻ കഴിയണം. വികസിത രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന മലയാളി വിദഗ്ധരുടെ ഈ രംഗത്തുള്ള പ്രാവീണ്യം ഉപയോഗപ്പെടുത്താനുള ഇഛാശക്തി ഗവൺമെന്റ്കൾക്കുണ്ടാകണം.

കേരളത്തിലെ നദികളുടെ വർഷപാത മേഖലയിൽ നടക്കുന്ന വനനശീകരണം, അടിത്തട്ടിൽ നടക്കുന്ന മണ്ണ് ഖനനം , മാലിന്യങ്ങളുടെ കേന്ദ്രീകരണം, വർദ്ധിച്ചതോതിലുള്ള ജലചൂഷണം ....

പാരിസ്ഥിതിക ശോഷണങ്ങൾ നിരവധിയാണ്. നമ്മുടെ തണ്ണീർത്തടങ്ങൾ ഒട്ടുമിക്കതും മൺമറഞ്ഞു കഴിഞ്ഞു. കൊച്ചിക്കായലും വേമ്പനാട്ടു കായലും ശാസ്താംകോട്ട കായലുമടക്കമുള്ള പല ശുദ്ധജല തടാകങ്ങളും വിസ്തൃതിയിൽ വളരെയേറെ ചുരുങ്ങിയിരിക്കുന്നു.

ഈ ശോച്യാവസ്ഥ പരിഹരിക്കാൻ കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റ് നടത്തിയിട്ടുള്ള ഇടപെടലുകൾ മാതൃകാപരമാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കണക്കിലെടുക്കാതെ കേരളത്തിൻ്റെ നഗരങ്ങളിൽ ഉയർന്നു നിൽക്കുന്ന അംബരചുമ്പികൾ പാർപ്പിട ആസൂത്രണത്തിൻ്റെ വികലമായ മാതൃകകളാണ്. തണൽവൃക്ഷങ്ങളുടെ അഭാവം നമ്മുടെ നഗരവീഥികളുടെ ശോഭ കെടുത്തുന്നു. മഴക്കാലമായാൽ ഉണ്ടാകുന്ന വെള്ളക്കെട്ടുകൾ സഞ്ചാര യോഗ്യമല്ലാതാക്കുന്നു നമ്മുടെ റോഡുകൾ!

നമ്മുടെ വന സംരക്ഷണം, നദി സംരക്ഷണം, പശ്ചിമഘട്ട സംരക്ഷണം ഇതിനു മുൻഗണന കൊടുക്കാതെയുള്ള ഒരു അതിജീവനം നമുക്കു സാധ്യമല്ലാതായിരിക്കുന്നു.

മാധവ് ഗാഡ്ഗിൽ , കസ്തൂരി രംഗൻ ശാസ്ത്രജ്ഞൻമാർ ശ്രദ്ധ ഊന്നിയ പശ്ചിമഘട്ട മലനിരകളും 9000 Sq. km ത്തിലധികം വരുന്ന Forest കളും 4000 Sq. km Non- Forest പ്രദേശങ്ങളുമടങ്ങുന്ന 123 വില്ലേജുകളും പ്രാന്ത പ്രദശങ്ങളും പ്രകൃതി ലോല പ്രദേശങ്ങളായി സംരക്ഷിക്കാൻ കഴിയണം.

മഹാപ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും പെരുമഴയും ഓർക്കാപ്പുറത്തുണ്ടാകുന്ന മരണക്കെണികളും കേരളീയ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സമകാലിക സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ ഇ. ഐ. എ 2020 നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം കാണേണ്ടിയിരിക്കുന്നു.

ജനങ്ങളോട് പ്രതിബദ്ധതയുള്ള കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റ് ഈ വിഷയത്തിൽ സത്വര നടപടികൾ കൈക്കൊള്ളും എന്നു പ്രതീക്ഷിക്കാം.

കവി ഇഞ്ചക്കാട് ബാലചന്ദ്രൻ വർഷങ്ങൾക്കു മുമ്പ് എഴുതിയ കവിത

ഇന്നും സമകാലിക പ്രസക്തം .

"ഇനി വരുന്നൊരു തലമുറയ്ക്ക്

ഇവിടെ വാസം സാദ്ധ്യമോ?

മലിനമായ ജലാശയം

അതി മലിനമായൊരു ഭൂമിയും (2)

(ഇനി വരുന്നൊരു.......) ..."

"സ്വാർത്ഥ ചിന്തകൾ ഉള്ളിലേറ്റി

സുഖങ്ങളെല്ലാം കവരുവോർ

ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമി തന്നുടെ

നന്മകൾ

നനവു കിനിയും മനസ്സുണർന്നാൽ

മണ്ണിലിനിയും ജീവിതം

ഭൂമിയോടെ നമുക്കു നീങ്ങാം

തുയിലുണർത്തുക കൂട്ടരെ"

എന്ന് കവി പറഞ്ഞുവെക്കുമ്പോൾ അതിന്റെ ഗഹനമായ അർത്ഥതലങ്ങൾ മനസ്സിലാവാതെ അല്ലങ്കിൽ മനസ്സിലാക്കിയിട്ടും കണ്ണടച്ച് നമുക്ക് എത്ര നാൾ ഇനിയും സഞ്ചരിക്കാൻ കഴിയും നാം ഓരോരുത്തരും ചിന്തിക്കുക ...

Related Posts