പുതിയ ഫീച്ചർ അവതരിപ്പിച്ച് ജിമെയിൽ; 30 സെക്കൻ്റ് വരെ 'അൺഡു' ചെയ്യാം

വാവിട്ട വാക്കും കൈവിട്ട മെയിലും ഒരുപോലെയാണ്. പോയാൽ പോയി, തിരിച്ചുവിളിക്കാനാവില്ല. വാക്കിൻ്റെ കാര്യത്തിൽ ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെയാണ്. എന്നാൽ മെയിലിൻ്റെ കാര്യത്തിൽ ഏതാനും വർഷം മുമ്പ് ഒരു മാറ്റം വന്നു. അയച്ച ഉടനെ പണി പാളിയെന്ന ചിന്ത വന്നാൽ തിരിച്ചുവിളിക്കാമെന്നായി. ചിന്ത ഞൊടിയിടയിൽ വരണം, അതും അഞ്ച് സെക്കൻ്റിനുള്ളിൽ.

നിലവിലെ ആ അഞ്ച് സെക്കൻ്റ് അൺഡു സമയം ശകലം കൂടി ദീർഘിപ്പിക്കുകയാണ് ഗൂഗിൾ. 4 വ്യത്യസ്ത ടൈം ഫ്രെയ്മുകളാണ് പുതിയതായി വാഗ്ദാനം ചെയ്യുന്നത്. 5, 10, 20, 30 സെക്കൻ്റുകളുള്ള ടൈം ഫ്രെയ്മുകൾ.

ഈ ഫീച്ചർ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കാം.

ലോഗിൻ ചെയ്തു കഴിഞ്ഞാൽ 'സെറ്റിങ്ങ്സിൽ' ക്ലിക്ക് ചെയ്യുക.

അപ്പോൾ 'സീ ഓൾ സെറ്റിങ്ങ്സ് ' എന്ന ഓപ്ഷൻ കാണാം.

അടുത്തതായി 'അൺഡു സെൻ്റ് ' തിരഞ്ഞെടുക്കുക.

'സെൻ്റ് കാൻസലേഷൻ പിരീഡ് ' ക്ലിക്ക് ചെയ്യുക.

അതിൽ 5, 10, 20, 30 എന്നീ വ്യത്യസ്ത ടൈം ഫ്രെയ്മുകൾ കാണാം.

അതിൽ നിങ്ങൾക്കാവശ്യമുള്ള ടൈം ഫ്രെയിം തിരഞ്ഞെടുക്കുക.

തുടർന്ന് സെറ്റിങ്ങ്സ് സേവ് ചെയ്യുക.

ഓർക്കുക, നിലവിൽ വെബ്ബ്, ഐ ഒ എസ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് അൽപ്പം കൂടി കാത്തിരിക്കേണ്ടിവരും.

Related Posts