ഐഎസ്എല്ലിൽ ഗോവ എഫ്സിയ്ക് ജയം; ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ അഞ്ചാം തോൽവി
ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയ്ക്ക് തകർപ്പൻ ജയം. 3-1നാണ് ഗോവയുടെ ജയം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ അഞ്ചാം തോൽവിയാണിത്. ഫത്തോർദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 35-ാം മിനിറ്റിൽ ഗോവ ലീഡ് നേടി. ബ്രണ്ടൻ ഫെർണാണ്ടസിനെ സൗരവ് മണ്ഡൽ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽട്ടി നല്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ റഫറിയുടെ തീരുമാനത്തിൽ മാറ്റമില്ലായിരുന്നു. കിക്കെടുത്ത ഐക്കർ ഗ്വാറോക്സേനയ്ക്ക് പിഴവും പറ്റിയില്ല. ആദ്യ ഗോളിന്‍റെ ആവേശം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഗോവ അടുത്ത ഗോൾ നേടി. സന്ദീപ് സിങ്ങിന്‍റെ പിഴവ് മുതലെടുത്താണ് നോഹ സദാവൂയി ഗോവയ്ക്ക് ലീഡ് ഉയർത്തിയത്. 51-ആം മിനിറ്റിൽ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചെങ്കിലും പകരക്കാരൻ റെദീം തലാങ് ഗോവയ്ക്ക് വിജയഗോൾ നേടികൊടുത്തു.