ഹൈബ്രിഡ് ഫോർമാറ്റിൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് തുടങ്ങും
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങുകൾ ഇന്ന് വൈകീട്ട് ഏഴിന് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. കാർലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായാ ‘ദ കിങ് ഓഫ് ഓൾ ദ വേൾഡ്’ ആണ് ഉദ്ഘാടന ചിത്രം. 73 രാജ്യങ്ങളിൽനിന്ന് 148 ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശനത്തിനെത്തും. സുവർണമയൂര പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺവീർ സിങ്, ശ്രദ്ധ കപൂർ തുടങ്ങിയവർ വേദിയിലുണ്ടാകും. റിതീഷ് ദേശ്‍മുഖ്, ജനീലിയ ദേശ്‍മുഖ്, മൗനി റോയ് തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ദിലീപ് കുമാർ, ബുദ്ധദേബ് ദാസ് ഗുപ്ത, സുമിത്ര ഭാവെ, നെടുമുടി വേണു ഉൾപ്പെടെ അന്തരിച്ച ചലച്ചിത്ര പ്രമുഖർക്ക് മേളയിൽ ഐ എഫ് എഫ് ഐ പ്രണാമം ആർപ്പിക്കും. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നേതൃത്വത്തിൽ ആദ്യമായി മാസ്റ്റർക്ലാസുകളും സിനിമാ പ്രദർശനവും പ്രിവ്യൂകളും സംഘടിപ്പിക്കുന്നുണ്ട്. തിയേറ്ററിലും വെർച്വലായും പ്രദർശനം കാണാം. ഒരു വാക്സിനെങ്കിലും എടുത്തവർക്കാണ് മേളയിൽ പ്രവേശനം. കരൺ ജോഹറും മനീഷ് പോളുമാണ് അവതാരകർ.