'ഗെഹ്‌രായിയാന്‍' പ്രതികരണം തലചുറ്റിക്കുന്നതെന്ന് ദീപിക പദുകോൺ
തൻ്റെ പുതിയ ചിത്രമായ ഗെഹ്‌രായിയാന്‍ പ്രേക്ഷകർ നെഞ്ചേറ്റു വാങ്ങിയതിൽ കൃതജ്ഞത പ്രകടിപ്പിച്ച് പ്രമുഖ ബോളിവുഡ് താരം ദീപിക പദുകോൺ. വിസ്മയിപ്പിക്കുന്ന വിധത്തിലാണ് സിനിമയെ പ്രേക്ഷകർ സ്വീകരിച്ചതെന്ന് ദീപിക പറഞ്ഞു. ചിത്രത്തിലെ തൻ്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രതികരണങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. കണ്ടവരെല്ലാം ആശംസകൾ കൊണ്ട് പൊതിയുകയാണ്. അഭിനന്ദന പ്രവാഹം കണ്ട് തനിക്ക് തലകറക്കം വന്നെന്നും താരം പറഞ്ഞു. അഭിനയ ജീവിതത്തിൽ തനിക്ക് ലഭിച്ച എറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അലീഷ. ഒരിക്കലും മറക്കാൻ ആവാത്ത, ഹൃദയത്തോട് ചേർത്തുനിർത്തുന്ന കഥാപാത്രം.
ഗെഹ്‌രായിയാനിലെ ദീപികയുടെ പ്രകടനത്തെ വാനോളം വാഴ്ത്തി പങ്കാളിയും അഭിനേതാവുമായ രൺവീർ സിങ്ങ് രംഗത്തെത്തിയിരുന്നു. 'ഗെഹ്‌രായിയാന്‍' ചുംബനം പുനരാവിഷ്കരിച്ചു കൊണ്ടുള്ള രൺവീറിൻ്റെയും ദീപികയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു.
ആമസോൺ പ്രൈം വീഡിയോയിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. കസിൻ്റെ പ്രതിശ്രുതവരനെ പ്രണയിക്കുന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കസിൻ ആയി അനന്യ പാണ്ഡെയും പ്രതിശ്രുത വരൻ ആയി യുവതാരം സിദ്ധാന്ത് ചതുർവേദിയുമാണ് അഭിനയിക്കുന്നത്. ദീപികയും സിദ്ധാന്തും ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ശകുൻ ബത്രയാണ് സംവിധാനം. കരൺ ജോഹർ നിർമിച്ച ചിത്രത്തിൽ നസീറുദ്ദീൻ ഷാ, രജത് കപൂർ, ധൈര്യ കർവ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു.